അലൻ വോക്കർ ഷോയ്ക്കിടയിലെ മൊബൈൽ ഫോൺ കവർച്ച; പിന്നിൽ ഉത്തരേന്ത്യൻ സംഘങ്ങൾ, രണ്ടുപേർ പിടിയിൽ

0

 

കൊച്ചി∙  അലൻ വോക്കർ ഷോയ്ക്കിടെ മൊബൈൽ ഫോണുകൾ കൂട്ടക്കവർച്ച ചെയ്ത ഉത്തരേന്ത്യൻ സംഘത്തിലെ രണ്ടുപേരെ കൊച്ചിയിലെത്തിച്ചു. ഓൾഡ് ഡൽഹിയിലെ ദരിയാഗഞ്ച് പ്രദേശത്തു നിന്നു പിടികൂടിയ അതിപുർ റഹ്മാൻ, വസീം അഹമ്മദ് എന്നിവരെയാണ് കൊച്ചിയിലെത്തിച്ചത്. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടു സംഘങ്ങളാണ് കവർച്ചയ്ക്കു പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഇവരിൽ ഡൽഹിയിൽ നിന്നുപിടികൂടിയവരെയാണ് കൊച്ചിയിലെത്തിച്ചത്. ഇവരുടെ സംഘത്തിലെ 2 പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടിയിലാവുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു.

മുംബൈയിൽ നിന്നും 4 പേരാണ് കൊച്ചിയിലെത്തി മോഷണം നടത്തിയത്. ഇവരിൽപെട്ട 2 പേരെ താനെയിൽ നിന്ന് പിടികൂടി. സണ്ണി ബോല യാദവ്, ശ്യാം ബെൽവാൾ എന്നിവരാണ് മുംബൈയിൽ പിടിയിലായത്. 2 പേരെ കൂടി ഇവിടെ പിടികൂടാനുണ്ട്. പിടിയിലായവരെ ഉടൻ കൊച്ചിയിലെത്തിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി.ഡൽഹി സംഘത്തിൽ നിന്ന് 20 ഫോണുകളും മുംബൈ സംഘത്തിൽ നിന്ന് 3 ഫോണുകളുമാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതിൽ 15 എണ്ണം ഐ ഫോണുകളാണ്. എന്നാൽ ഇത് കൊച്ചിയിലെ സംഗീതനിശയ്ക്കിടെ മോഷണം പോയ ഫോണുകൾ ആണോ എന്ന കാര്യത്തിൽ തീർച്ചയായിട്ടില്ല.

ഒക്ടോബർ ആറിന് കൊച്ചിയിൽ നടന്ന സംഗീത നിശയ്ക്കിടെ 21 ഐഫോണുകൾ ഉൾപ്പെടെ 39 ഫോണുകളാണ് മോഷണം പോയത്. ഡൽഹി സംഘം ഒക്ടോബർ ആറിന് രാവിലെ ട്രെയിൻ മാർഗം കൊച്ചിയിലെത്തി ലോഡ്ജിൽ താമസിച്ച ശേഷമാണ് വൈകിട്ട് പരിപാടി നടക്കുന്ന സ്ഥലത്തെത്തിയത്. മോഷണ ശേഷം ലോഡ്ജിൽ തിരിച്ചെത്തി പിറ്റേന്നു തന്ന ട്രെയിൻ മാർഗം മടങ്ങുകയും ചെയ്തു. ഡൽഹിയിലെത്തിയ ശേഷം ഫോണുകൾ വിൽക്കുന്നതിന് സംഘം ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മുംബൈ സംഘം പരിപാടിക്ക് മുമ്പ് വിമാനമാർഗമാണ് കൊച്ചിയിലെത്തിയത്. മോഷണത്തിനു ശേഷം രാത്രി കൊച്ചിയിൽ തങ്ങിയ ശേഷം പിറ്റേന്ന് വിമാനത്തിനു തന്നെ മുംബൈയിലേക്ക് മടങ്ങുകയും ചെയ്തു.

2000 രൂപ വീതം വിലയുള്ള ടിക്കറ്റുകൾ വാങ്ങിയാണ് പ്രതികൾ സംഗീതപരിപാടിയിൽ പങ്കെടുത്തത് എന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരെല്ലാം സ്ഥിരം കുറ്റവാളികളും മൊബൈൽ മോഷണ കേസിലടക്കം പ്രതികളുമാണ്. 2022ൽ ബെംഗളുരുവിൽ നടന്ന സംഗീതപരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഡൽഹിയിൽ അറസ്റ്റിലായ വസീം അഹമ്മദ്. അതിപുർ റഹ്മാൻ ഡൽഹിയിലെ ഒരു പരിപാടിക്കിടെ നടന്ന മോഷണ കേസിലും ഇയാൾ പ്രതിയാണ്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും മൊബൈൽ മോഷണം നടത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *