ആക്രമണത്തിന് തൊട്ടുമുൻപ് തുരങ്കത്തിലൂടെ രക്ഷപ്പെട്ട് സിൻവറും കുടുംബവും; വിഡിയോ പുറത്തുവിട്ട് ഇസ്രയേൽ
ജറുസലം∙ കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹ്യ സിന്‍വർ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനു മണിക്കൂറുകള്‍ക്ക് മുൻപ് രക്ഷപ്പെടുന്ന വിഡിയോ പുറത്തുവിട്ട് ഇസ്രയേല്‍ സൈന്യം. സിന്‍വറും ഭാര്യയും രണ്ടു മക്കളും തുരങ്കത്തിലൂടെ നടക്കുന്നത് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പുറത്തുവിട്ട വിഡിയോയിൽ കാണാം.മധ്യഗാസയിലെ ഖാന്‍ യൂനിസിലെ തുരങ്കത്തിലാണ് യഹ്യ സിന്‍വര്‍ കുടുംബത്തോടൊപ്പം എല്ലാ രാത്രിയും ഒളിച്ചിരുന്നതെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ഗാസയിലെ ജനങ്ങള്‍ക്ക് ലഭിക്കാത്ത മുന്‍ഗണനകളാണ് ഇത്. സിന്‍വര്‍ എപ്പോഴും അദ്ദേഹത്തിനും പണത്തിനും ഹമാസ് തീവ്രവാദികള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്നും ഹഗാരി ആരോപിച്ചു.
വിഡിയോ പുറത്തുവിട്ടതിനു പിന്നാലെ ഇസ്രയേല്‍ സൈന്യത്തിനെതിരെ ഹമാസ് രംഗത്തെത്തി. കമാന്‍ഡര്‍ സിന്‍വറിനെയും അദ്ദേഹത്തിന്റെ സഹോദരങ്ങളെയും അപമാനിച്ച് തങ്ങളുടെ തോറ്റ സൈന്യത്തിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് ഹമാസ് പറഞ്ഞു.ധീരരായ ജനങ്ങളുടെ ചെറുത്തുനില്‍പ്പിന്റെ മുന്‍നിരയില്‍ കഴിഞ്ഞ ഒരു വര്‍ഷം ഗാസ മുനമ്പിലെ വിവിധ പോരാട്ടങ്ങളില്‍ മുന്‍നിരയില്‍ നിന്ന സിന്‍വര്‍ യുദ്ധക്കളത്തില്‍ വച്ചാണ് കൊല്ലപ്പെട്ടതെന്നും ഹമാസ് പറഞ്ഞു. സമാന രീതിയിലുള്ള വിഡിയോ ഫെബ്രുവരിയിലും സൈന്യം പുറത്തുവിട്ടിരുന്നു.