പവർപ്ലേയിൽ 68 റൺസ്, അഭിഷേക് പുറത്തായപ്പോൾ പാക്ക് താരത്തിന്റെ ‘ഷോ’
അൽ അമറാത്∙ എമർജിങ് ഏഷ്യാ കപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടത്തിനിടെ ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ. മത്സരത്തിനിടെ ഇന്ത്യൻ ബാറ്റർ അഭിഷേക് ശർമ പുറത്തായപ്പോൾ പാക്ക് സ്പിന്നർ സുഫിയാൻ മൂഖീം ഗ്രൗണ്ട് വിടാൻ ആംഗ്യം കാണിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അഭിഷേക് ഇതിനു മറുപടി നൽകിയതോടെ അംപയർമാർ ഇടപെട്ടാണു പ്രശ്നം പരിഹരിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി ഓപ്പണിങ് ബാറ്റര്‍മാർ പവർപ്ലേയിൽ 68 റൺസെടുത്തപ്പോഴാണ് പാക്കിസ്ഥാൻ സ്പിന്നർ സുഫിയാൻ പന്തെറിയാനെത്തുന്നത്.ആദ്യ പന്തിൽ തന്നെ അഭിഷേക് ശർമയുടെ വിക്കറ്റ് ലഭിച്ചതോടെയാണു സുഫിയാൻ ഇന്ത്യൻ ബാറ്ററെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത്. ഡഗ് ഔട്ടിലേക്കു പോകാൻ സുഫിയൻ ആംഗ്യം കാണിക്കുകയായിരുന്നു.
പാക്ക് സ്പിന്നർക്കു മറുപടിയുമായി അഭിഷേക് എത്തിയെങ്കിലും, അംപയർ ഇടപ്പെട്ട് താരത്തെ സമാധാനിപ്പിക്കുകയായിരുന്നു. തുടർന്ന് അഭിഷേക് ശർമ ഡ്രസിങ് റൂമിലേക്കു മടങ്ങി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.മത്സരത്തിൽ ഇന്ത്യ എ ടീം ഏഴു റൺസ് വിജയമാണു നേടിയത്.ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 183 റണ്‍സെടുത്തു. 35 പന്തിൽ 44 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓപ്പണർമാരായ അഭിഷേക് ശർമ (22 പന്തിൽ 35), പ്രബ്സിമ്രൻ സിങ് (19 പന്തിൽ 36) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. അൻഷുൽ കാംബോജ് ഇന്ത്യയ്ക്കായി മൂന്നു വിക്കറ്റ് വീഴ്ത്തി.