11 മിനിറ്റിൽ ഹാട്രിക് തികച്ച് ലയണൽ മെസ്സി, ഇന്റർ മയാമിയുടെ ഗോൾമഴ; റെക്കോർഡ് വിജയം
ഫ്ലോറിഡ∙ അർജന്റീനയ്ക്കായി ഹാട്രിക് തികച്ച ശേഷമുള്ള തൊട്ടടുത്ത മത്സരത്തിൽ, ഇന്റർ മയാമിക്കു വേണ്ടിയും മൂന്നു ഗോളുകൾ അടിച്ച് സൂപ്പർ താരം ലയണൽ മെസ്സി. മെസ്സിയുടെ ഹാട്രിക് കരുത്തിൽ മയാമി, ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെ 6–2നാണു തകർത്തത്. രണ്ടു ഗോളിനു പിന്നിൽനിന്ന ശേഷമാണ് ഇന്റർ മയാമി ഫ്ലോറിഡയിൽ ഗോളുകൾ അടിച്ചുകൂട്ടിയത്. ബൊളീവിയയ്ക്കെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മെസ്സി ഹാട്രിക് തികച്ചിരുന്നു. 74 പോയിന്റുമായാണ് ഇന്റർ മയാമി മേജർ ലീഗ് സോക്കർ സീസൺ ഫിനിഷ് ചെയ്തത്. ലീഗിലെ ഒരു ടീമിന്റെ റെക്കോർഡ് പ്രകടനമാണിത്.കളിച്ച 22 മത്സരങ്ങൾ ജയിച്ച മയാമി നാലെണ്ണം മാത്രമാണു തോറ്റത്. എട്ടു കളികള്‍ സമനിലയിൽ കലാശിച്ചു. മെസ്സി മത്സരത്തിരല്‍ മൂന്നു ഗോളുകൾ അടിച്ച് ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോററായി.
യുഎസ് ക്ലബ്ബിനു വേണ്ടി മെസ്സി ഇതിനകം 33 ഗോളുകൾ നേടിക്കഴിഞ്ഞു. 78,81,89 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. 78–ാം മിനിറ്റിൽ ആദ്യ ഗോള്‍ നേടിയ സൂപ്പർ താരം 11 മിനിറ്റിനുള്ളില്‍ ഹാട്രിക് പൂർത്തിയാക്കുകയായിരുന്നു. ലൂക്ക ലങ്കോനി (2), ഡൈലൻ ബൊറേനോ (34) എന്നിവരുടെ ഗോളുകളിലാണ് ന്യൂ ഇംഗ്ലണ്ട് ആദ്യം മുന്നിലെത്തിയത്.എന്നാൽ ഇരട്ട ഗോളുകളുമായി (40,43) ലൂയി സ്വാരെസും 58–ാം മിനിറ്റിൽ ഗോളടിച്ച് ബെഞ്ചമിൻ ക്രെമാഷിയും ഇന്റർമയാമിയെ ഒപ്പമെത്തിച്ചു. പിന്നീടായിരുന്നു മെസ്സിയുടെ തകർപ്പൻ പ്രകടനം. അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിലും മെസ്സിയും ഇന്റർ മയാമിയും കളിക്കും. ലോകത്തെ ഏറ്റവും മികച്ച 32 ടീമുകള്‍ മത്സരിക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരം യുഎസിലായിരിക്കും.