നാടക സങ്കൽപ്പങ്ങൾ യാഥാർഥ്യമാക്കി തന്ന നഗരം
“പത്തു വയസ്സ് മുതൽ നാടകത്തിൽ അഭിരുചിയുണ്ടായിരുന്നു. തറവാട്ടിൽ ആൺകുട്ടികൾ നാടകകളരി നടത്തി വർഷത്തിലൊരിക്കൽ നാടകം നടത്തുന്നതിനെക്കുറിച്ച് അമ്മ പറയുന്നത് താല്പര്യത്തോടെ കേട്ടിരുന്ന ഒരു കാലമുണ്ട് .അതിനായി ശ്രമിക്കുകയും ചെയ്തിരുന്നു. മലയാളത്തിൽ കൂടുതൽ മാർക്ക് വാങ്ങിയിരുന്നത് കൊണ്ട് സ്‌കൂളിൽ സഹപാഠികൾ എന്നെ സംവിധായികയാക്കി. ആകാശവാണിയിലെ ബാലരംഗം പരിപാടിയിലേക്ക് വിദ്യാർത്ഥികളെ ക്ഷണിക്കുമായിരുന്നു. അതിൽ സ്ഥിരമായി നാടകങ്ങളിൽ സ്ത്രീ കഥാപാത്രമായി.
കോഴിക്കോട് ആകാശവാണി നിലയത്തിൽ എന്നെ നാടകം പഠിപ്പിച്ചത് തിക്കോടിയനായിരുന്നു. അദ്ദേഹമാണ് എൻറെ നാടക ഗുരു. 13 വയസുള്ളപ്പോൾ കോഴിക്കോട് ആകാശവാണിയുടെ വാർഷിക ആഘോഷത്തിന് തിക്കോടിയന്റെ “അത്താഴം മുടക്കി” എന്ന നാടകത്തിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചു. സാഹിത്യകാരൻ പവനൻ കുട്ടികൾക്കായി സംഘടിപ്പിച്ച ബാലസംഘത്തിൽ ഞാൻ അംഗമായിരുന്നു. വീട്ടിൽ എതിർപ്പുകൂടിയപ്പോൾ നാടകം കാണൽ മാത്രമായി.മുതിർന്ന പെൺകുട്ടികൾ അഭിനയിക്കുന്നത് സാധാരണമല്ലാത്തതിനാൽ പിന്നീട് നാടക സ്വാദനത്തിലേക്കൊതുങ്ങി. ചെറുപ്രായത്തിൽ സ്വപ്നം കണ്ടതെല്ലാം സഫലമാക്കിത്തന്നത് ഈ മഹാനഗരമാണ് !
വിവാഹത്തിന് ശേഷം ബോംബെയിൽ താമസമായതോടെ സാംസ്‌കാരിക രംഗങ്ങളിലുള്ള മലയാളികളുമായി സൗഹൃദം സ്ഥാപിച്ചു. ഭർത്താവിന് പൊതു പ്രവർത്തനം. നാടക പ്രവർത്തനം. സംവിധാനം എന്നിവയിൽ താല്പര്യമുള്ളതിനാൽ കൊളാബ മലയാളി സമാജത്തിൽ സജീവ പ്രവർത്തനവും, ‘പ്രിയ ആർട്സ് ‘എന്ന നാടക സമിതി രൂപികരിച്ചു നാടക അവതരണവും തുടങ്ങി. ഞാനും ഏതാനും വനിതകളെ ഉൾപ്പെടുത്തി ഒന്നിച്ചു പ്രവർത്തനത്തിനിറങ്ങി. അപ്പോഴേക്കും തുടർ വിദ്യാഭ്യാസവും ജോലിയും നേടി രണ്ടു മക്കളുടെ അമ്മയുമായിരുന്നു. എല്ലാ തിരക്കിനിടയിലും വായനയും എഴുത്തും നിലനിർത്തി. കലാനിലയത്തിൻറെ ഡ്രാമാസ്കോപ്, മറ്റു നാടകങ്ങൾ എല്ലാം കാണുമായിരുന്നു.
അപ്രതീക്ഷിതമായാണ് നാടകത്തിൽ അഭിനയിക്കാൻ തുടങ്ങിയത്. പ്രിയ ആർട്സ് കൊളാബയുടെ പ്രഥമ നാടകം പി.ആർ. ചന്ദ്രൻറെ ‘ജ്വാല’ പ്രദര്ശനത്തിനൊരുങ്ങിക്കഴിഞ്ഞു. 4 സ്ത്രീ കഥാപാത്രങ്ങളുണ്ട്. അന്നെല്ലാം ഒന്നോ രണ്ടോ നടികൾ മാത്രമാണ് ബോംബെയിൽ എല്ലാ നാടകത്തിനും അഭിനയിക്കാൻ വരുക. ഞങ്ങൾ പ്രൊഫഷണൽ നടികളെ പങ്കെടുപ്പിക്കാതെ ഞാൻ തിരഞ്ഞെടുത്ത വീട്ടമ്മമാരും ഉദ്യോഗസ്ഥകളുമായ സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് നാടകമൊരുക്കുന്നത്. റിഹേഴ്സലിനെല്ലാം പ്രോംപ്റ്റ് ചെയ്യുന്നത് ഞാനായിരിക്കും. കുട്ടിക്കാലത്തെ പരിചയം കൈമുതലായുണ്ടല്ലോ. നരിമാൻ പോയന്റിലുള്ള ഭുലാഭായ് ദേശായ് ഓഡിറ്റോറിയത്തിലാണ് പ്രദര്ശനം. 200 മുതൽ 2000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്.
ഹാന്റിക്രാഫ്ട് എക്സ്പോര്ട് ബിസിനസ് നടത്തുന്ന ചന്ദ്രിക നായർ 4 മണിക്കൂർ എല്ലാ സീനിലും സ്റ്റേജിൽ തന്നെയുള്ള പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നാടകത്തിൻറെ 3 ദിവസം മുമ്പ് ചന്ദ്രിക നായർ സുഖമില്ലാതെ ഹോസ്പിറ്റലിലായി. മുഴുവൻ സീറ്റുകളും ബുക് ചെയ്തിട്ടുണ്ട്. അതിഥികളെ ക്ഷണിച്ചു കഴിഞ്ഞു. സ്റ്റേജ് റിഹേഴ്സലിനു ഹാൾ ബുക് ചെയ്തിട്ടുണ്ട്. എന്ത് ചെയ്യും! ഒരു പ്രൊഫഷണൽ നടിക്കുപോലും 3 ദിവസം കൊണ്ട് പഠിച്ചെടുക്കാൻ പറ്റാത്ത മുഖ്യ കഥാപാത്രത്തിൻറെ ഭാഗമാണ്.
പേടിച്ചുകൊണ്ടാണ് ഡയറക്ടർ മസ്‌ക്രീനാസ് എൻറെ ഭർത്താവു പി കെ മേനോനോട് പറയുന്നത്. മിസിസ് മേനോനോട് (എന്നെ ഉദ്ദേശിച്ചാണ്) ഒന്ന് പറഞ്ഞു നോക്കാമോ എന്ന്. അദ്ദേഹം പോലും അത്തരം ഒരു സാധ്യതയെക്കുറിച്ചു ചിന്തിച്ചിരുന്നില്ല. എന്നോട് ചോദിയ്ക്കാൻ മടിയുണ്ട്. അവസാനം മസ്‌ക്രീനാസ് തന്നെ ഭയ ബഹുമാനങ്ങളോടെ എന്നോട് കൈ കുപ്പി അപേക്ഷിച്ചു. ഏതു വെല്ലുവിളിയെയും നേരിടാൻ തയ്യാറാകുന്നതാണ് എൻറെ ശീലം. മേനോൻ സമ്മതിക്കുകയാണെങ്കിൽ ഞാൻ ശ്രമിക്കാം എന്ന് പറഞ്ഞു.
പ്രോംപ്റ്റ് ചെയ്തുകൊണ്ടിരുന്നതിനാൽ സംഭാഷണങ്ങളും സന്ദര്ഭങ്ങളും എനിക്ക് അറിയാം. അഭിനയത്തിന് വേണ്ട നിർദേശങ്ങൾ തരുകയും സഹ നടീ നടന്മാർ സഹകരിക്കുകയുമാണെങ്കിൽ ഈ ഒരു പ്രാവശ്യം ഞാൻ അഭിനയിക്കാം എന്ന് സമ്മതിച്ചു. അങ്ങനെ ആദ്യമായി മുംബൈ നാടകവേദിയിൽ അരങ്ങേറ്റം കുറിച്ചു. 3 രംഗങ്ങളിലായി 4 മണിക്കൂർ നിർത്താതെ അഭിനയിച്ചു. നാടകം വൻ വിജയമായി.
പിന്നീട് പ്രിയ ആർട്സിൻറെ രണ്ടു നാടകങ്ങളിൽ കൂടി അഭിനയിച്ചു. അതിനുശേഷം എസ്പി നായർ (വേണു ഏട്ടൻ) പി കെ മേനോനെ പ്രതിഭ തിയേറ്റേഴ്സിൻറെ സെക്രട്ടറിയാക്കുകയും എന്നെ സ്നേഹപൂർവം നിർബന്ധിച്ചു പ്രതിഭയുടെ നാടകങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തതോടെ എനിക്ക് കുറേശ്ശ നാടകഭ്രമം തുടങ്ങി. അഭിനയിച്ചിരുന്നില്ലെങ്കിലും, ധാരാളം നാടകങ്ങൾ വായിക്കുകയും കാണുകയും ചെയ്തുകൊണ്ടിരുന്നു. ഗ്രീക്ക് തിയേറ്ററിനെക്കുറിച്ചു വായിച്ചറിയുകയും, ഹിന്ദി, ഇൻഗ്ലീഷ്, മറാത്തി, ബംഗാളി ഭാഷകളിലുള്ള നാടകങ്ങൾ കാണുകയും ചെയ്തു. ജയദേവ് ഹതംഗഡി, നാസിറുദ്ദിൻ ഷാ, ശാന്ത ഗോഖലെ, സബിറ മർച്ചൻറ്, സഞ്ജന കപൂർ എന്നിവരുമായി പരിചയപ്പെട്ടു.
ഹിന്ദി നാടകങ്ങളിലേക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും സ്ഥിരം അഭിനേത്രിയാകാൻ താല്പര്യമില്ലായിരുന്നു. എങ്കിലും ഓഫിസിലെ കൾച്ചറൽ ക്ലബ് നിർബന്ധിച്ചപ്പോൾ റവന്യു കൾച്ചറൽ മീറ്റിൽ ഹിന്ദി നാടകത്തിൽ അഭിനയിക്കുകയും മറാത്തി ഏകാങ്കം സംവിധാനം ചെയുകയും ചെയ്തു. (മറാത്തി നാടകകൃത്തും സംവിധായകനും നടനുമായ വിജയ് ഗയ്ക് വാഡ് ഒരു ഹിന്ദി ഫീച്ചർ ഫിലിം എടുത്തപ്പോൾ അതിലും ഒരു ചെറിയ റോൾ ചെയ്തു. മലയാളം സിനിമയിൽ അഭിനയിക്കാൻ പലതവണ അവസരങ്ങൾ വന്നത് കുടുംബ ജീവിതത്തിനു അസൗകര്യമുണ്ടാകുമെന്നു കരുതി നിരസിക്കുകയായിരുന്നു). എറണാകുളത്തു സ്ഥിര താമസമാക്കിയ എസ് പി നായരെ കാണാൻ കുടുംബ സമേതം പോയപ്പോൾ കാവാലം നാരായണ പണിയ്ക്കരുമായി പരിചയപ്പെടുകയും ശില്പശാലയിൽ പങ്കെടുക്കുകയുമുണ്ടായി. (നടനവിസ്മയം മോഹൻലാലും അതിൽ പങ്കെടുത്തിരുന്നു). ആ ശില്പശാലയിലേക്ക് എന്നെയും ഭർത്താവ് പി കെ മേനോനെയും പരിചയപ്പെടുത്തിയത് വേണു ഏട്ടൻ (എസ്.കെ. നായര്) ആയിരുന്നു.
ബോംബെ കേരള സമാജം നാടക മൽസരം നടത്തിയപ്പോൾ ആദ്യമായി ഞാൻ സ്വയം അവതരണവും സംവിധാനവും അഭിനയവും നിർവഹിച്ചുകൊണ്ട് കാവാലത്തിന്റെ ഭൂതം എന്ന നാടകം അരങ്ങേറ്റി. ഭൂതമായി അഭിനയിച്ചത് ആനന്ദ് മച്ചിങ്ങൽ എന്ന പ്രമുഖ വ്യക്തിയായിരുന്നു. നായികയായി വിജയാ മേനോനും നായകനായി (പ്രതിഭാ തിയേറ്റേര് അംഗവും സ്ഥിരം വില്ലൻ റോളുകാരനുമായ) രാധാകൃഷ്ണ മേനോനും അഭിനയിച്ചു. അതിനുശേഷം കേന്ദ്ര സംഘടന നാടക മത്സരം നടത്തിയപ്പോൾ രണ്ടു തവണ ബോംബെ കേരള സമാജത്തിനു വേണ്ടി നാടകങ്ങൾ അവതരിപ്പിച്ചു സമ്മാനങ്ങൾ നേടി. ഒന്ന് സ്ത്രീകൾ മാത്രം രചന , സംവിധാനം, അഭിനയം എന്നിവ നിർവഹിച്ച ലഘു നാടകമായിരുന്നു. അഭിനേത്രികൾ (ബീനാ തമ്പി, ആശാദേവി ) പുതുമുഖങ്ങളായിരുന്നു. അവർ ഒന്നും രണ്ടും സമ്മാനങ്ങൾ കരസ്ഥമാക്കി. മികച്ച അവതരണത്തിനും കേരള സമാജത്തിനു സമ്മാനം ലഭിച്ചു. പിന്നീട് കേരളീയ മഹിളാ സമാജത്തിനുവേണ്ടി നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയുകയും ചെയ്തു. ഓ ചന്തു മേനോൻറെ “ഇന്ദുലേഖ” എന്ന ബൃഹത്തായ നോവൽ നാടകമാക്കി എഴുതി പ്രതിഭാ തിയേറ്റേഴ്സ് മുംബൈക്ക് വേണ്ടി സംവിധാനം ചെയ്തു. ഇതിന്റെ രചന, ഗാന രചന, സംവിധാനം, അഭിനയം എല്ലാം നിർവഹിച്ചത് ഞാൻ തന്നെയായിരുന്നു.
. ഓരോ നാടകങ്ങളിലും പുതുമുഖങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നാടക രംഗത്തെ പരിപോഷിപ്പിച്ചു. ഇന്ന് അവരിൽ പലരും നാടക രംഗത്തും ചലച്ചിത്ര അഭിനയ രംഗത്തും വിജയകരമായി പ്രവർത്തിക്കുന്നു. 17 വര്ഷങ്ങളായി മഹാരാഷ്ട്ര സർക്കാരിൻറെ സാംസ്കാരിക വകുപ്പിലെ നാടക പരിശോധനാ സമിതിയിൽ മലയാളം അംഗമാണ് (Member, Stage Performance Scrutiny Board, Department of Cultural Affairs, Govt. of Maharashtra). ഇതിനെല്ലാം എനിക്ക് സാധ്യമായത് എന്നോടൊത്തു പ്രവർത്തിച്ച അഭിനേതാക്കൾ, സഹൃദയരായ പ്രേക്ഷകർ, എന്റെ നാടക ഗുരു തിക്കോടിയൻറെ അനുഗ്രഹം, സർവശ്രീ മസ്‌ക്രീനാസ്, പി കെ മേനോൻ, എസ് പി നായർ, പമ്മൻ, പി കെ രവീന്ദ്രനാഥ്, പാപ്പനംകോട് പ്രഭാകരൻ, ഡോക്ടർ ഏ പി ജയറാം, പ്രഭാകരൻ കിഴ്പ്പള്ളിക്കര എന്നിവരുടെയും ബോംബെ കേരള സമാജം, കേന്ദ്ര സംഘടന, പ്രതിഭ തിയേറ്റേഴ്സ്, ജോസഫ് വെണ്ണൂർ, പ്രേംകുമാർ, സതീശൻ, കെ ഡി ചന്ദ്രൻ, ചാക്യാർ, ചമയം നിർവ്വഹിച്ചിരുന്ന പരമു, പുരുഷോത്തമൻ, ചാക്യാർ, ഡോക്ടർ സുശീലൻ എന്ന് തുടങ്ങി നിരവധി സഹൃദയരുടെ പ്രോത്സാഹനവും സഹകരണവും മൂലമാണെന്ന് സ്നേഹപൂർവം എന്നെന്നും ഓർക്കും.
ബീനാ തമ്പി, ആശാദേവി. രാജൻ തെക്കുംമല, ഡോക്ടർ അരുണൻ, വയലിനിസ്റ് & സെൻട്രൽ എക്സൈസ് ഓഫീസർ അരുൺ, ജിജോ, ശോഭ, ദിവ്യ, ശ്രീജ, കവിത, അഡ്വക്കറ്റ് മന്മദകുമാർ, ദേവരാജൻ, സുധ നായർ, കുമാർ വിഷ്ണു എന്നിവർ അഭിനയ രംഗത്തേക്ക് ഞാൻ ആദ്യമായി പരിചയപ്പെടുത്തിയവരിൽ ചിലരാണ് . ഇന്ദുലേഖയായി അഭിനയിക്കാൻ ഇന്നത്തെ പ്രശസ്ത സിനിമാ താരം വിദ്യാ ബാലനായിരുന്നു ആദ്യം മുന്നോട്ടു വന്നത്. ഏതാനും റിഹേഴ്സലുകൾക്കു ശേഷം ‘പരിണീത’ എന്ന സിനിമയിലേക്ക് അവസരം വന്നപ്പോൾ അവൾക്കു പോകേണ്ടതായി വന്നു. രണ്ടു പേർ കൂടി ഇന്ദുലേഖയുടെ റോളിൽ അഭിനയിക്കാൻ വന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ വിട്ടു പോവുകയും ചെയ്തപ്പോൾ പ്രതിഭാ തിയേറ്ററിൽ ഒന്നിച്ചു പ്രവർത്തിച്ചിരുന്ന ജയശ്രീ നായരുടെ ശിഷ്യയും മയൂഖം സിനിമയിൽ നായികയായി അഭിനയിച്ച സിനിമാനടിയുമായ കവിതാ നായരെ നാടകത്തിനുവേണ്ടി പരിശീലിപ്പിച്ചെടുത്തു.
ഉദ്യോഗത്തിൽ നിന്ന് വിരമിച്ചു താനെയിൽ സ്ഥിര താമസമാക്കിയ തിനുശേഷം മുതിർന്ന പൗരന്മാർക്ക് വേണ്ടി താനെയിൽ നടന്ന ഓൾ മുംബൈ സീനിയർ ടാലന്റ് സേർച്ച് മത്സരത്തിൽ ഹിന്ദിയിൽ “മി റ്റൂ” , ഇഗ്ളീഷിൽ മദർ തെരേസ എന്നീ ഏകപാത്ര ലഘു നാടകങ്ങൾ അവതരിപ്പിച്ചു സമ്മാനാര്ഹയായി.
നാടകം എനിക്ക് ഒരു ഒഴിവുസമയ വിനോദ ഉപാധി മാത്രമായി നിലനിർത്തുകയാണ് ചെയ്തത്. സ്ത്രീകളുടെ ഒരു നാടക സംഘം രൂപീകരിക്കാൻ എളിയ ശ്രമം നടത്തിയെങ്കിലും പ്രായോഗികമായ ബുദ്ധിമുട്ടുകൾ തടസ്സമായതിനാൽ അത് നിർത്തി വെച്ചു. പഠനം ഉദ്യോഗം, കുടുംബം, എഴുത്ത്, വായന സാമൂഹ്യ പ്രവർത്തനം എന്നിവക്കൊപ്പം അഞ്ചു പതിറ്റാണ്ടുകളോളം സാഹിത്യ രചനകൾ പ്രസിദ്ധീകരിക്കുകയും ഡോക്യുമെൻറ്ററികൾ, നോവലുകൾ എന്നിവ തർജ്ജമ ചെയ്യുകയും നാടക പ്രവർത്തനങ്ങളിൽ സജീവമായിരിക്കുകയും ചെയ്ത മറ്റൊരു മലയാളി വനിത ഉണ്ടോ എന്നറിയില്ല.
നാടക രചന, സംവിധാനം ഗാന രചന, അഭിനയം, നാടക അവതരണം എന്നിവയെല്ലാം നിർവഹിച്ച ഏക മുംബൈ മലയാളിയും ചിലപ്പോൾ ഞാനായിരിക്കാം .ഇതെല്ലാം നിർവഹിക്കാൻ അവസരം ലഭിച്ചതിലും ബഹുമുഖ വ്യക്തിത്വമുള്ള പ്രതിഭാ ശാലികളുമായി ഇടപഴകുന്നതിനും സൗഹൃദം നിലനിർത്തുന്നതിനും സാധ്യമായതിലും അഭിമാനിക്കുകയും അവരോടെല്ലാം നന്ദിയും കടപ്പാടും രേഖപ്പെടുത്തുകയും ചെയ്യുന്നു. എന്റെ കർമ്മ ഭൂമിയായ മഹാരാഷ്ട്രത്തെയും എനിക്ക് ബഹുമാന്യ പദവി ഏല്പിച്ചു നൽകിയ മഹാരാഷ്ട്ര സർക്കാരിനെയും നമിക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ വിശാലമായ ലോകം എനിക്കായി തുറന്നു നൽകിയ ഈ മഹാനഗരത്തോട് ഞാൻ നന്ദിപറയുന്നു .”
വിജയാമേനോൻ
താനെ -മുംബൈ