വിഎസിന് ഇന്ന് 101 !
മലയാളി മനസിനെ ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമര നായകന് ഇന്ന് 101 വയസ്സ് !
‘വിഎസ് ‘ എന്ന ചെങ്കൊടി ചുവപ്പാർന്ന രണ്ടക്ഷരത്തിൽ നിറഞ്ഞു നിൽക്കുന്നത് സംഭവ ബഹുലമായ കേരള രാഷ്ട്രീയ ചരിത്രവും ആവേശോജ്ജ്വലമായ പോരാട്ടവീര്യവുമാണ് . വാക്കും രൂപവും ചലനങ്ങളും സർവോപരി ഉറച്ച നിലപാടുകൾക്കൊണ്ടും വ്യത്യസ്തനായ , സമരപോരാട്ടങ്ങളുടെ ചുരുക്കപേരാണ് മലയാളിക്ക് വിഎസ്. നീതിക്കു വേണ്ടിയുളള സമരങ്ങളിൽ മനുഷ്യനായി നിന്നു നയിച്ച പോരാളിയായ തേരാളി .ബാല്യകാലം മുതലുള്ള ചിട്ടയായ ജീവിത ശൈലി ഏവർക്കും മാതൃയാകും വിധത്തിൽ അദ്ദേഹത്തെ 101 ൽ എത്തിച്ചിരിക്കുന്നു.ഈ നൂറ്റിയൊന്നിൽ തൊണ്ണൂറു വർഷവും അദ്ദേഹം ജീവിച്ചത് ജനങ്ങൾക്കുവേണ്ടിയാണ് എന്നുറപ്പിച്ചു പറയാം. അങ്ങനെ പറയാൻ കഴിയുന്ന അപൂർവ്വ നാമങ്ങളിൽ ഒന്ന് -അതാണ് വിഎസ് !
ആലപ്പുഴയിൽ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി 1923-ൽ അച്ചുതാനന്ദൻ ജനിച്ചു. നാലാം വയസ്സില്‍ അമ്മയേയും പതിനൊന്നാം വയസ്സില്‍ അച്ഛനേയും നഷ്ടപ്പെട്ടതിനുശേഷം കടുത്ത ദാരിദ്ര്യത്തിലൂടെയാണ് വിഎസിൻ്റെ ബാല്യം കടന്നുപോയത്. ചെറിയ പ്രായത്തിൽ തന്നെ വിദ്യാഭ്യാസം ഉപേക്ഷിക്കാനും ഇത് കാരണമായി.. സ്വന്തം ജീവിതാനുഭവങ്ങൾ തന്നെ വലിയൊരു പാഠപുസ്തകമായി കണ്ട വിഎസ്, ഒരു തയ്യൽ കടയിൽ സഹോദരനോടൊപ്പം തൊഴിൽ ചെയ്യാനാരംഭിക്കുകയും പിന്നീട് കയർ ഫാക്ടറിയിൽ തൊഴിലാളിയായി ചേരുകയും ചെയ്തു.പാവപ്പെട്ടവൻ്റെ കഷ്ട്ടത സ്വന്തം പ്രശ്നമായി കണ്ട് അവർക്കായി ചെറുപ്രായത്തിൽ തുടങ്ങിയ പോരാട്ടമാണ് വിഎസ് എന്ന സമരനായകനെ രൂപപ്പെടുത്തിയത് . ട്രേഡ് യൂണിയൻ രംഗത്തെ സജീവതയും അതിലൂടെ നേടിയ ജനകീയതയും പിന്നീട് വിഎസിന് രാഷ്ട്രീയ പ്രവേശനത്തിനുള്ള വഴിയൊരുക്കി.മണ്ണിനും മനുഷ്യനും പരിസ്ഥിതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളിലെ നൈരന്തര്യം വിഎസ് അച്യുതാനന്ദൻ എന്ന വിപ്ലവസൂര്യനുവേണ്ടി പുതിയൊരു ആകാശം സൃഷ്ട്ടിച്ചു! ജനമനസ്സുകളിൽ 101ലും അതങ്ങനെത്തന്നെ ജ്വലിച്ചു നിൽക്കുകയാണ് ….!!!
വിഎസിന് ‘സഹ്യ’യുടെ ജന്മദിനാശംസകൾ …