സീറ്റ് വിഭജനം :ചെന്നിത്തല ഉദ്ദവ് താക്കറെയെ കണ്ടു

0

മുംബൈ : സീറ്റു വിഭജന തർക്കത്തിന് അയവുവരുത്താൻ മഹാരാഷ്ട്രയുടെ ചുമതലയുള്ള
അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല ഇന്ന് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയുമായി അദ്ദേഹത്തിൻ്റെ വസതിയായ മാതോശ്രീയിൽ കൂടിക്കാഴ്ച നടത്തി . സീറ്റ് വിഭജനം സംബന്ധിച്ച് ശിവസേനയും (യുബിടി) കോൺഗ്രസും തമ്മിലുള്ള ചർച്ച എവിടെയുമെത്താത്ത സാഹചര്യത്തിലാണ് ചെന്നിത്തലയുടെ മാതോശ്രീ സന്ദർശനം.
ശിവസേന (യുബിടി) കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു, ഈ നിർദ്ദേശത്തോട് കോൺഗ്രസ് വിയോജിച്ചതോടെയാണ് ചർച്ചകൾ നീണ്ടുപോകാൻ തുടങ്ങിയത് .
വെള്ളിയാഴ്ച വൈകുന്നേരം, താക്കറെ സഖ്യങ്ങളെ തകർക്കുന്ന ഘട്ടത്തിലേക്ക് തള്ളിവിടുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു,
മഹാരാഷ്ട്രയിലെ പാർട്ടി കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ചെന്നിത്തലയെ കോൺഗ്രസ് ഹൈക്കമാൻഡ് അയച്ചത് തർക്കങ്ങൾ ലഘൂകരിക്കാനാണെന്ന് കോൺഗ്രസ്സ് വൃത്തങ്ങൾ സൂചിപ്പിച്ചു.ഈ ആഴ്ച ആദ്യം ആൻജിയോഗ്രാഫിക്ക് വിധേയനായതിനാൽ താക്കറെയുടെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കാനാണ് ഞാൻ വന്നതെന്ന് മാതോശ്രീക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ചെന്നിത്തല പറഞ്ഞു. താക്കറെയുടെയും ‘മഹാരാഷ്ട്ര വികാസ് അഘാഡി’യുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു.

ശിവസേനയുടെ (യുബിടി) സഞ്ജയ് റാവത്ത്, നാനാ പടോളെ , നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (ശരദ് പവാർ വിഭാഗം) ജയന്ത് പാട്ടീൽ എന്നിവരോടോപ്പമുള്ള രമേശ് ചെന്നിത്തലയുടെ ചർച്ചകളും ഇന്ന് നടന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *