50,000 ചതുരശ്ര അടി വിസ്താരം; രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് കൊച്ചി വിമാനത്താവളത്തിൽ
കൊച്ചി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 2ൽ ആരംഭിച്ച ‘0484 എയ്റോ ലോഞ്ച്’ തിങ്കളാഴ്ച മുതൽ തുറക്കുന്നു. 3 സ്യൂട്ടുകൾ അടക്കം 41 മുറികൾ വിമാനയാത്രക്കാർക്കും സന്ദർശകർക്കും കുറഞ്ഞ ചിലവിൽ ബുക്ക് ചെയ്യാം. 6, 12, 24 മണിക്കൂർ പാക്കേജുകളിൽ റൂമുകൾ ബുക്ക് ചെയ്യാവുന്നതാണ്. റെസ്റ്റോറന്റും കഫേ ലോഞ്ചും രണ്ടാം ഘട്ടത്തിൽ പ്രവർത്തനം തുടങ്ങും. ‘0484 ലോഞ്ചി’ന്റെ തൊട്ടടുത്തായി തന്നെ വൈവിധ്യമാർന്ന വിഭവങ്ങൾ ലഭ്യമാകുന്ന ഫുഡ് കോർട്ടിന്റെ സൗകര്യങ്ങളും യാത്രക്കാർക്ക് ഉപയോഗപ്പെടുത്താം.രാജ്യത്തെ തന്നെ ഏറ്റവും വലിയ എയ്റോ ലോഞ്ചാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേത്.
വിമാനത്താവളത്തിന് അകത്തു തന്നെയാണെങ്കിലും അതീവസുരക്ഷാ മേഖലയ്ക്ക് പുറത്തായതിനാൽ വിമാന യാത്രികർക്കും പുറത്തു നിന്നുള്ളവർക്കും ലോഞ്ച് ഉപയോഗിക്കാൻ സാധിക്കും. 50,000 ചതുരശ്ര അടി വിസ്താരത്തിലുള്ള ലോഞ്ചിൽ 37 മുറികൾ, 4 സ്യൂട്ടുകൾ, 3 ബോർഡ്റൂമുകൾ, 2 കോൺഫൻസ് ഹാളുകൾ, കോ-വർക്കിങ് സ്പേസ്, ജിം, സ്പാ, ലൈബ്രറി എന്നിവയാണുള്ളത്.സാധാരണക്കാർക്കും താങ്ങാനാവുന്ന ആഡംബരം എന്നാണ് ‘0484 ലോഞ്ചിനെ’ വിമാനത്താവള അധികൃതർ വിശേഷിപ്പിക്കുന്നത്. ‘0484 എയ്റോ ലോഞ്ചിന്റെ’ സൗകര്യങ്ങൾ (0484–3053484, +91 7306432642, 7306432643 )എന്നീ നമ്പറുകളിലും (0484reservation@ciasl.in) എന്ന ഇ-മെയിൽ വഴിയും ബുക്ക് ചെയ്യാം.