ആദ്യ ഇന്നിങ്സിൽ ‘ഡക്ക്’, രണ്ടാം ഇന്നിങ്സിൽ സെഞ്ചറി; ഇതാ സർഫറാസ് ഖാൻ! കിവീസിനെതിരെ ഇന്ത്യ പൊരുതുന്നു
ബെംഗളൂരു ∙ ആദ്യ ഇന്നിങ്സിൽ ‘ഡക്ക്’, രണ്ടാം ഇന്നിങ്സിൽ സെഞ്ചറി; സർഫറാസ് ഖാന്റെ നിശ്ചയദാർഢ്യത്തോടെയുള്ള ബാറ്റിങ് കരുത്തിൽ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു. നാലാം ദിനം ആദ്യ സെക്ഷനിൽ ബാറ്റിങ് പുരോഗമിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ആതിഥേയർ 62 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 294 റൺസ് എന്ന നിലയിലാണ്.കന്നിസെഞ്ചറി നേടിയ സർഫറാസ് ഖാൻ (126 പന്തിൽ 106*), ഋഷഭ് പന്ത് (30 പന്തിൽ 22*) എന്നിവരാണ് ക്രീസിൽ.ഇന്ത്യയ്ക്ക് ഇന്നിങ്സ് തോൽവിയൊഴിവാക്കാൻ ഇനിയും 65 റൺസ് കൂടി വേണം. 2001ൽ കൊൽക്കത്തയിൽ ഓസ്ട്രേലിയയ്ക്കെതിരെ 274 റൺസ് ലീഡ് വഴങ്ങിയശേഷം വിജയിച്ചതാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച തിരിച്ചുവരവ്. യശസ്വി ജയ്സ്വാൾ (35), അർധ സെഞ്ചറി നേടിയ രോഹിത് ശർമ (52), വിരാട് കോലി (70) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇന്നലെ നഷ്ടമായത്.