ഒക്ടോബർ 6ന് പ്രശാന്തനും നവീനും കണ്ടുമുട്ടി; പള്ളിക്കരയിലെ ക്വാർട്ടേഴ്സിന് മുന്നിലെ സിസിടിവി ദൃശ്യം പുറത്ത്
കണ്ണൂര്‍∙ മുൻ എഡിഎം നവീന്‍ ബാബുവിന്റെ ക്വാർട്ടേഴ്സിന് മുന്നിൽ പരാതിക്കാരനായ പ്രശാന്തന്‍ എത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്ത്. ഒക്ടോബർ 6ന് ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. പരാതിക്കാരനായ പ്രശാന്തൻ ബൈക്കിലും നവീന്‍ ബാബു നടന്നുമാണ് വരുന്നത്.പള്ളിക്കരയിലെ ക്വാർട്ടേഴ്‌സിന്റെ മുന്നിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തത്. ഇരുവരും റോഡില്‍ നിന്നു സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പെട്രോള്‍ പമ്പിന്റെ എന്‍ഒസി ലഭിക്കാന്‍ പ്രശാന്തൻ, നവീന്‍ ബാബുവിന് 98,500 രൂപ നല്‍കിയെന്ന് പറയുന്ന ദിവസത്തെ ദൃശ്യങ്ങളാണിത്. അതേസമയം, പണം നല്‍കിയെന്ന് ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ സ്ഥിരീകരിക്കാനാകില്ല.പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ തന്റെ കയ്യില്‍ നിന്നും പണം വാങ്ങിയെന്നായിരുന്നു പരാതിക്കാരനായ സംരംഭകന്‍ പ്രശാന്തൻ ആരോപിച്ചത്. ഒരു ലക്ഷം രൂപ നവീന്‍ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ താന്‍ കൊടുത്തെന്നാണ് പ്രശാന്തൻ വെളിപ്പെടുത്തിയത്. എന്നാൽ പ്രശാന്തന്റെ പരാതി വ്യാജമാണെന്ന സംശയവും ബലപ്പെടുന്നുണ്ട്. ഇതിനിടെയാണ് സിസിടിവി ദൃശ്യം പുറത്തുവരുന്നത്.