നവീൻ ബാബുവിന്റെ യാത്രയയപ്പ് ഉച്ചയ്ക്ക് ശേഷമാക്കിയത് ദിവ്യയ്ക്ക് വേണ്ടിയോ? എന്താണ് കണ്ണൂർ കലക്ടറേറ്റിൽ നടന്നത്?
കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ കണ്ണൂർ കലക്ടർ അരുൺ.കെ വിജയന്റെ പേരാണ് പ്രധാനമായും ഉയരുന്നത്. പി.പി. ദിവ്യയുടെ പ്രസംഗത്തിനിടെ നിർവികാരനായി ഇരുന്ന കലക്ടറുടെ നടപടി പൊതുസമൂഹത്തിൽ മാത്രമല്ല, കലക്ടറേറ്റ് ജീവനക്കാർക്കിടയിലും വലിയ അമർഷത്തിന് ഇടയാക്കിയിരുന്നു. എന്താണ് എഡിഎം നവീൻ ബാബുവിന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് അന്ന് കലക്ടേറ്റിൽ നടന്നത്? താൻ വിരമിക്കുകയല്ലെന്നും സ്ഥലം മാറ്റം വാങ്ങി പോകുകയാണെന്നും അതിനാൽ യാത്രയയപ്പ് വേണ്ടെന്നും നവീൻ അറിയിച്ചിരുന്നു. എന്നാൽ സഹപ്രവർത്തകരുടെ നിർബന്ധം മൂലം യാത്രയയപ്പ് ചടങ്ങിന് നവീൻ ബാബു തയാറാകുകയായിരുന്നു.
കലക്ടർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ചടങ്ങ് നടന്ന ദിവസത്തിന് ഒരു ദിവസം മുൻപേ നവീൻ ബാബുവിന്റെ ട്രാൻസ്ഫർ ഓർഡർ ഇറങ്ങിയിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി മാത്രമാണ് അന്നേ ദിവസം നവീൻ ബാബു ഓഫിസിൽ എത്തിയത്.പി.പി. ദിവ്യക്ക് വേണ്ടിയാണ് ചടങ്ങ് ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ചതെന്ന് ആരോപണമുണ്ടെങ്കിലും അതിൽ ഇതുവരെ വ്യക്തതയില്ല. ചടങ്ങ് ആരംഭിക്കുന്നതിന് മുൻപ് കലക്ടറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ പി.പി. ദിവ്യ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ആരോപണമുയരുന്നുണ്ട്. ഇക്കാര്യവും പൊലീസിന്റെ അന്വേഷണ പരിധിയിലാണ്.
നവീൻ ബാബുവിന് യാത്രയയപ്പ് നൽകുന്ന കാര്യം കലക്ടർ അരുൺ കെ. വിജയൻ, പി.പി. ദിവ്യയെ അറിയിച്ചിരുന്നോ എന്നും അന്വേഷണത്തിലൂടെ തെളിയിക്കേണ്ടതുണ്ട്.അതിനിടെ കലക്ടറുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തി. ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയിൽ എത്തിയാണ് കണ്ണൂർ ടൗൺ സിഐ മൊഴി രേഖപ്പെടുത്തിയത്.ഇന്ന് അരുൺ കെ. വിജയൻ ഓഫിസിൽ ഹാജരായിരുന്നില്ല. അതേസമയം സംഭവിച്ച കാര്യങ്ങളിൽ ഖേദം രേഖപ്പെടുത്തുന്നുവെന്ന് കാണിച്ച് കലക്ടർ, നവീൻ ബാബുവിന്റെ കുടുംബത്തിന് കത്ത് നൽകി. മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ വീട്ടിൽ രാവിലെയോടെയാണ് സബ് കലക്ടർ വഴി കത്ത് നേരിട്ട് എത്തിച്ചത്. കത്തിൽ നവീൻ ബാബുവിന്റെ ബന്ധുക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.