എം.എം.ലോറൻസിന്റെ മൃതദേഹം എന്തു ചെയ്യണം? ഹൈക്കോടതിയുടെ തീരുമാനം 23ന്
കൊച്ചി∙ അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനം അടുത്ത ബുധനാഴ്ച. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ ലോറൻസ് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതിയാണ് വിധി ഈ മാസം 23ന് പറയുമെന്ന് വ്യക്തമാക്കിയത്. നിലവിൽ കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലുള്ള മൃതദേഹം അതുവരെ അവിടെ സൂക്ഷിക്കും.
ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടാണ് ആശ കോടതിയെ സമീപിച്ചത്. മകന് എം.എൽ.സജീവനും മറ്റൊരു മകളായ സുജാതയും മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകാൻ തീരുമാനിച്ചതിന് എതിരെ ആയിരുന്നു ഇത്. ഇക്കാര്യത്തിൽ കളമശേരി മെഡിക്കൽ കോളജിനോട് ഹിയറിങ് നടത്തി തീരുമാനം അറിയിക്കാൻ ജസ്റ്റിസ് വി.ജി.അരുൺ നിർദേശിച്ചു. മൂന്നു മക്കളെയും കേട്ട കോടതി, മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകാമെന്ന വിധിയാണു പുറപ്പെടുവിച്ചത്.
എന്നാൽ ശരിയായ രീതിയിൽ അല്ല ഹിയറിങ് നടത്തിയത് എന്നു ചൂണ്ടിക്കാട്ടി ആശ വീണ്ടും കോടതിയെ സമീപിച്ചു. അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് ശരിയായ ഹിയറിങ് നടത്തണമെന്നും ആവശ്യപ്പെട്ടു. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിനു വിട്ടുനൽകാൻ നേരത്തേ രേഖാമൂലം സമ്മതം നൽകിയിരുന്ന മറ്റൊരു മകളായ സുജാത ഇക്കാര്യം ഇന്ന് ഹൈക്കോടതിയിൽ നിഷേധിച്ചു. കൃത്യമായ ബോധ്യത്തോടെയല്ല സമ്മതപത്രം നൽകിയതെന്നും സുജാത കോടതിയോടു പറഞ്ഞു.
മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകാൻ പിതാവ് അറിയിച്ചിരുന്നു എന്നു സജീവൻ വ്യക്തമാക്കിയിരുന്നു. ഇതിന് രണ്ടു പേർ സാക്ഷികളുമായിരുന്നു. ഇക്കാര്യങ്ങൾ ഇന്ന് സജീവൻ ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഹിയറിങ് നടത്താനായി കമ്മിറ്റി രൂപീകരിച്ചതിനെ ആശ എതിർത്തിരുന്നു. എന്നാൽ ഇതു സുതാര്യതയ്ക്കു വേണ്ടിയാണെന്നാണ് സജീവന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. മൂന്നു മക്കളുടെയും വാദം കേട്ട കോടതി കേസിൽ ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു.