‘പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തി’: വികാഷ് യാദവിന് എഫ്ബിഐ അറസ്റ്റ് വാറന്റ്

0

വാഷിങ്ടൻ∙  ഖലിസ്ഥാൻ ഭീകരനും സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുർപട്‌വന്ത് സിങ് പന്നുവിനെ യുഎസിൽ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മുൻ റോ (റിസർച്ച് ആന്റ് അനലിസിസ് വിങ്) ഏജന്റ് വികാഷ് യാദവിനെതിരെ അറസ്റ്റ് വാറന്റ് പുറത്തിറക്കി. യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐയാണ് വാറന്റ് പുറപ്പെടുവിച്ചത്. കൊലപാതകത്തിനായി ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി മൂന്നു കുറ്റങ്ങള്‍ യുഎസ് നീതിന്യായ വകുപ്പ് വികാഷ് യാദവിനെതിരെ ചുമത്തിയിരുന്നു.

ഇന്ത്യയിൽനിന്ന് പഞ്ചാബിനെ വേർപെടുത്താൻ വേണ്ടി വാദിക്കുന്ന സംഘടനയാണ്, ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ് ഫോർ ജസ്റ്റിസ്. യുഎസ്, കനേഡിയൻ പൗരത്വമുള്ള പന്നുവിനെ ഭീകരവാദിയായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. നിഖിൽ ഗുപ്തയെന്ന മറ്റൊരു ഇന്ത്യൻ പൗരൻ മുഖേന പന്നുവിനെ വധിക്കാൻ വികാഷ് യാദവ് പദ്ധതിയിട്ടുവെന്നാണ് ആരോപണം. നിഖിൽ ഗുപ്ത വഴി യുഎസിലുള്ള വാടകക്കൊലയാളികള്‍ക്ക് ന്യൂയോർക്കിൽ വച്ച് പന്നുവിനെ വധിക്കാനുള്ള കരാർ നൽകിയെന്നാണ് കേസ്. ഒരു ലക്ഷം ‍ഡോളറാണ് പന്നുവിനെ വധിക്കാൻ വികാഷ് യാദവ് കരാർ നൽകിയതെന്നും യുഎസ് നീതിന്യായ വകുപ്പ് പുറത്തിറക്കിയ കുറ്റപത്രത്തിൽ പറയുന്നു.

നിഖിൽ ഗുപ്ത ഈ വർഷം ജൂണിൽ ചെക്ക് റിപ്പബ്ലിക്കില്‍ അറസ്റ്റിലായിരുന്നു. വികാഷ് യാദവിന് നിലവിൽ ‘റോ’യുമായി ബന്ധമില്ലെന്നാണ് ഇന്ത്യയുടെ വാദം. ഒരു ഇന്ത്യൻ ഏജൻസിക്ക് വേണ്ടിയും ഇയാൾ പ്രവർത്തിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ന്യൂയോർക്കിൽ എത്തിയ പന്നുവിന്റെ വിലാസവും ഫോൺ നമ്പറും ദിനചര്യയും മറ്റും വികാഷ് യാദവ്, നിഖിൽ ഗുപ്തയ്ക്ക് കൈമാറിയിരുന്നതായാണ് ആരോപണം. കഴിഞ്ഞ വർഷം ജൂണിലാണു പന്നുവിനെ വധിക്കാൻ വികാഷ് യാദവ് ഗൂഢാലോചന നടത്തിയതെന്നും എഫ്ബിഐയുടെ അറസ്റ്റ് വാറന്റിൽ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *