ജിം ട്രെയിനറായ കണ്ണൂർ സ്വദേശി ആലുവയിൽ കൊല്ലപ്പെട്ടു; ഒരാൾ ബുള്ളറ്റിൽ വന്നുപോയെന്ന് പൊലീസ്
കൊച്ചി∙ ആലുവ ചുണങ്ങംവേലിയിൽ ജിം ട്രെയിനർ കൊല്ലപ്പെട്ടു. കണ്ണൂർ സ്വദേശി സാബിത്താണ് പുലർച്ചെയോടെ കൊല്ലപ്പെട്ടത്. പുലർച്ചെ 6 മണിയോടെയാണ് ഇയാൾ താമസിച്ചിരുന്ന വാടകവീടിനു മുന്നിൽ വയറിലും മറ്റും മുറിവേറ്റ നിലയിൽ സാബിത്തിനെ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് ദീപക്, സാബിത്തിനെ ആലുവ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച സാബിത്ത് ചുണങ്ങംവേലിയിലെ കെപി ജിമ്മിലെ ട്രെയിനറായിരുന്നു.
സാബിത്തിനെ കൂടാതെ ദീപക്, ഫഹദ് എന്നിവരായിരുന്നു ചുണങ്ങം വേലിയിലെ വാടക വീട്ടിൽ താമസിച്ചിരുന്നത്. സംഭവത്തിന് തൊട്ടുമുൻപ് ഒരാൾ ബുള്ളറ്റിൽ വന്നുപോയെന്നും, സാബിത്തിന്റെ ജിമ്മിലെ തന്നെ ട്രെയിനറായിരുന്ന കൃഷ്ണപ്രസാദ് എന്നയാളാണ് വന്നതെന്നുമാണ് പൊലീസ് നൽകുന്ന സൂചന. ഇയാൾക്ക് സാബിത്തുമായി പ്രശ്നമുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. സാബിത്തിന്റെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്.