‘മഷിനോക്കി’ അറിയാം യഥാർഥ ശിവസേനയെ; പിടിച്ചുനിൽക്കാൻ ഉദ്ധവ്, പിടിച്ചെടുക്കാൻ ഷിൻഡെ
മുംബൈ ∙ രാജ്യത്തിന്റെ സാമ്പത്തിക, വിനോദ തലസ്ഥാനമായ മുംബൈയിലെ മേൽക്കൈ എൻഡിഎ, ഇന്ത്യാ സഖ്യങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകമാണ്. ശിവസേന രണ്ടായി പിളർന്നശേഷം പാർട്ടിയുടെ ശക്തികേന്ദ്രമായ മുംബൈ ബെൽറ്റിൽ ഏത് ശിവസേന നേട്ടം കൊയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ആരാണ് യഥാർഥ ശിവസേന എന്നതിനുള്ള ഉത്തരം കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പിന്റെ ഫലം. 36 നിയമസഭാ സീറ്റുകളുള്ള മുംബൈ മേഖല കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിൽ ഇന്ത്യാ മുന്നണിക്കായിരുന്നു മേൽക്കൈ. 16 മണ്ഡലങ്ങളിൽ എൻഡിഎക്കും.2019ലെ തിരഞ്ഞെടുപ്പിൽ ലഭിച്ച 4 സീറ്റിൽ ഒതുങ്ങിയ കോൺഗ്രസ്, ഉദ്ധവ് പക്ഷത്തിന്റെ കൂട്ടുകെട്ട് നിലനിർത്തി കൂടുതൽ സീറ്റുകൾ പിടിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ലഭിച്ച 16 സീറ്റ് എങ്ങനെയെങ്കിലും നിലനിർത്താനായിരിക്കും ബിജെപിയുടെ പോരാട്ടം. അന്ന് അവിഭക്ത ശിവസേനയോടൊപ്പം സഖ്യമായാണ് ബിജെപി മത്സരത്തിന് ഇറങ്ങിയത്.
മുൻതൂക്കം ഉദ്ധവ് വിഭാഗത്തിന്
താനെയിൽ മേൽക്കോയ്മയുളള ഷിൻഡെ വിഭാഗത്തിന് മുംബൈയിൽ അത്രത്തോളം സ്വാധീനമില്ല. ഒട്ടേറെ മുൻ കോർപറേറ്റർമാരെയും എംഎൽഎമാരെയും എംപിമാരെയും അടർത്തിമാറ്റിയിട്ടുണ്ടെങ്കിലും ശിവസേന പിളർത്തിയതിനെതിരായ ജനവികാരം ഉദ്ധവിന് അനുകൂലമായി നിലനിൽക്കുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നഗരത്തിലെ മൂന്നിടത്ത് ഷിൻഡെ വിഭാഗം മത്സരിച്ചെങ്കിലും ഒരിടത്ത് മാത്രമാണ് വിജയിക്കാനായത്. ഉദ്ധവ് വിഭാഗം മൂന്നിടത്ത് വിജയിക്കുകയും ചെയ്തു.
ഷിൻഡെ വിഭാഗവും ബിജെപിയും കൈകോർക്കുമ്പോൾ പല മണ്ഡലങ്ങളിലും ഉദ്ധവ് പക്ഷത്തിന് വെല്ലുവിളിയാകുകയും ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കുകയാണെങ്കിൽ മേഖലയിൽ മാത്രം ഇന്ത്യാമുന്നണി ഇരുപതിലേറെ സീറ്റുകളിൽ വിജയിക്കാനാണ് സാധ്യത. ലോക്സഭാ തിരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് വെസ്റ്റ് സീറ്റ് കേവലം 48 വോട്ടിനാണ് ഉദ്ധവ് വിഭാഗത്തിന് നഷ്ടമായത്. എൻഡിഎ സഖ്യം മുന്നിട്ടുനിന്ന 16 മണ്ഡലങ്ങളിൽ രണ്ട് മണ്ഡലങ്ങളിൽ മാത്രമേ ഷിൻഡെ വിഭാഗത്തിന് ആധിപത്യമുണ്ടായിരുന്നുള്ളൂ.