‘രക്തസാക്ഷി മരിക്കുന്നില്ല, അവർ പോരാട്ടത്തിനുള്ള പ്രചോദനം’: യഹ്യ വധത്തിൽ ഇറാന്റെ മുന്നറിയിപ്പ്
ടെഹ്റാൻ ∙ ഹമാസ് തലവൻ യഹ്യ സിൻവറിന്റെ കൊലപാതകത്തിനു പിന്നാലെ ഇസ്രയേലിന് മറുപടിയുമായി ഇറാൻ രംഗത്ത്. ‘‘പ്രതിരോധം ശക്തിപ്പെടുത്തും’’ എന്നാണ് വാർത്താകുറിപ്പിൽ ഇറാൻ വ്യക്തമാക്കിയത്. പലസ്തീൻ വിമോചനത്തിനായി യഹ്യ നടത്തിയ പോരാട്ടം യുവാക്കൾക്കും കുട്ടികൾക്കും മാതൃകയാകും. അധിനിവേശവും ആക്രമണവും നിലനിൽക്കുന്നിടത്തോളം കാലം, പ്രതിരോധവും നിലനിൽക്കും. രക്തസാക്ഷികൾ മരിക്കുന്നില്ല, അവർ ജീവിച്ചിരിക്കുന്നവർക്ക് പോരാട്ടത്തിനുള്ള പ്രചോദനമായി തുടരുമെന്നും ഇറാൻ വ്യക്തമാക്കി.
തിരിച്ചടിക്കുമെന്നുള്ള മുന്നറിയിപ്പുമായി ഇറാൻ സൈന്യം രംഗത്തെത്തി. സമാധാനത്തിനോ ചർച്ചയ്ക്കോ ഇനി ഇടമില്ലെന്നാണ് ഇറാൻ സൈന്യം എക്സിൽ കുറിച്ചത്. ‘‘നമ്മൾ വിജയം നേടും അല്ലെങ്കിൽ മറ്റൊരു കർബല സംഭവിക്കും’’–യഹ്യ സിൻവറിന്റെ മരണവാർത്ത സ്ഥിരീകരിച്ചുകൊണ്ട് പങ്കുവച്ച എക്സ് പോസ്റ്റിലൂടെ ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി.ഹമാസ് ഉന്നത നേതാവ് യഹ്യ സിൻവർ വധിക്കപ്പെട്ടത് മറ്റ് ആക്രമണങ്ങൾക്കിടെ യാദൃച്ഛികമായി സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൂക്ഷ്മമായ ആസൂത്രണത്തിലൂടെയാണ് കഴിഞ്ഞകാലങ്ങളിൽ ഹമാസ് ഉന്നതരെ ഇസ്രയേൽ ഇല്ലാതാക്കിയിരുന്നത്. എന്നാൽ, ഇസ്രയേലിന്റെ ചാരക്കണ്ണുകൾ വെട്ടിച്ചാണ് കഴിഞ്ഞ ഒരുവർഷം സിൻവർ യുദ്ധഭൂമിയിൽ കഴിഞ്ഞത്. സിൻവറിന്റെ വധത്തോടെ ബന്ദികളുടെ മോചനം ഉടനുണ്ടാകുമെന്നാണ് ഇസ്രയേലിന്റെ പ്രതീക്ഷ. നേതൃനിര ശൂന്യമായതോടെ ഹമാസിന്റെ അടുത്ത നീക്കം എന്താകുമെന്നും എല്ലാവരും ഉറ്റുനോക്കുന്നു.