ന്യൂസീലൻഡ് ബാറ്ററെ തുറിച്ചുനോക്കി, സിറാജിന്റെ ‘സ്ലെഡ്ജിങ്’, ചിരിച്ചുതള്ളി കോൺവെ
ബെംഗളൂരു∙ ഇന്ത്യ– ന്യൂസീലൻഡ് ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം കിവീസ് ബാറ്റർ ഡെവോൺ കോൺവെയെ സ്ലെഡ്ജ് ചെയ്ത് പേസർ മുഹമ്മദ് സിറാജ്. ന്യൂസീലൻഡ് ബാറ്റിങ്ങിനിടെ 15–ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ മൂന്നാം പന്തിൽ കോൺവെ ബൗണ്ടറി നേടിയിരുന്നു. തൊട്ടടുത്ത പന്ത് കോൺവെ പ്രതിരോധിച്ചുനിന്നെങ്കിലും ഓടിയെത്തിയ സിറാജ് ന്യൂസീലൻഡ് ബാറ്ററെ തുറിച്ചുനോക്കുകയായിരുന്നു.പിന്നീട് രൂക്ഷഭാഷയിൽ പ്രതികരിക്കുകയും ചെയ്തു. സിറാജിനു മറുപടി നൽകിയ ശേഷം കോൺവെ ചിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇന്ത്യയ്ക്കെതിരെ ന്യൂസീലൻഡ് താരങ്ങൾ മികച്ച രീതിയിൽ ബാറ്റു ചെയ്യുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി സിറാജിന്റെ സ്ലെഡ്ജിങ്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.ഇന്ത്യയ്ക്കെതിരെ ന്യൂസീലൻഡ് ആദ്യ ഇന്നിങ്സിൽ ലീഡ് സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 46 റൺസെടുത്തു പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ 23 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 89 റൺസെന്ന നിലയിലാണ് കിവീസ് ബാറ്റിങ് തുടരുന്നത്. 70 പന്തുകൾ നേരിട്ട കോൺവെ 64 റൺസുമായി പുറത്താകാതെനിൽക്കുന്നു.