‘പി.പി.ദിവ്യയുടെ ഭർത്താവ് പി.ശശിയുടെ ബെനാമി; നവീൻബാബു ശശിയുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥൻ’
പാലക്കാട്∙ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്ക് ബെനാമി പേരിൽ നിരവധി സ്ഥലങ്ങളിൽ പെട്രോൾ പമ്പുകളുണ്ടെന്ന ആരോപണവുമായി പി.വി.അൻവർ എംഎൽഎ. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ ഭർത്താവ് ശശിയുടെ ബെനാമിയാണ്. പി.ശശിയുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു അന്തരിച്ച എഡിഎം നവീന്‍ബാബുവെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.പി.പി.ദിവ്യ നവീൻബാബുവിന്റെ യാത്രയപ്പ് യോഗത്തിൽവന്ന് വെറുതെ വിമർശിച്ചതല്ലെന്ന് അൻവർ പറഞ്ഞു. ശശിക്ക് പെട്രോൾ പമ്പുകളിൽ നിക്ഷേപമുണ്ട്. എഡിഎം സത്യസന്ധനായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്. അദ്ദേഹം കൈക്കൂലിക്ക് വശംവദനായിട്ടില്ല.
പി.ശശിയുടെ അമിതമായ ഇടപെടൽ പലഘട്ടത്തിലും അദ്ദേഹം എതിർത്തു. പി.ശശിയുെട താൽപര്യങ്ങള്‍ക്ക് വഴങ്ങാത്ത ഓഫിസഫായിരുന്നു അദ്ദേഹം. നവീൻബാബുവിന്റെ അഭ്യർഥന പ്രകാരമാണ് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കൊടുത്തത്. കണ്ണൂരിലെ ഈ സംവിധാനത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന മാനസികാവസ്ഥ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്തിയാണ് സ്ഥലംമാറ്റം വാങ്ങിയത്.ഈ ഘട്ടത്തിലാണ് നവീന് ഒരു പണികൊടുക്കാമെന്ന് ശശി തീരുമാനിച്ചത്. കൈക്കൂലിക്കാരനാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാണ് ആരോപണം ഉന്നയിച്ചത്. ജില്ലാ പ്രസിഡന്റിനെ ഇതിനായി ഉപയോഗിച്ചതായും അൻവർ ആരോപിച്ചു.
എഡിഎമ്മിന്റെ ആത്മഹത്യയ്ക്കു പിന്നിലെ കൃത്യമായ കാര്യങ്ങൾ അന്വേഷിക്കുന്നില്ല. പമ്പുടമയിൽനിന്ന് നേരത്തെ പരാതി കിട്ടിയതായി കാണിച്ച് കള്ള റജിസ്റ്റർ ഉണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ശ്രമിക്കുന്നു. ഒരു പൊളിക്കൽ സെക്രട്ടറിയെ നാടിന്റെ ഗുണ്ടാതലവനായി വളർത്തുകയാണ്. പാർട്ടിക്കും സർക്കാരിനുമാണ് ഇതിന്റെ ഉത്തരവാദിത്തം. എഡിജിപി അജിത്കുമാറിന്റെ അതേവിഭാഗത്തിൽപ്പെടുന്നയാളാണ് ശശി. എഡിഎമ്മിന്റെ ആത്മഹത്യ പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ല. ജുഡീഷ്യൽ അന്വേഷണം നടത്തണം. വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം അറിയാൻ ആഗ്രഹമുണ്ട്. പാർട്ടിക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്നും അൻവർ പറഞ്ഞു.