‘സതീശന് ഐ ആം ദി പാർട്ടി;കോൺഗ്രസ് അധഃപതനത്തിന് കാരണം പ്രതിപക്ഷനേതാവ്’: ആഞ്ഞടിച്ച് സരിൻ
പാലക്കാട്∙ കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്നു കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ.പി.സരിൻ. ചില കോക്കസുകളിലേക്ക് മാത്രമായി ഒതുക്കുന്നതിനും ഹൈജാക്ക് ചെയ്യുന്നതിനും മുന്നിൽനിന്ന് പ്രവർത്തിച്ചത് വി.ഡി.സതീശനെന്നും സരിൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
പി.സരിന്റെ വാക്കുകൾ : ഞാനാണ് രാജ്യമെന്ന് വിളിച്ചുപറഞ്ഞ ചക്രവർത്തിയെപ്പോലെയാണ് സതീശൻ. ഞാനാണ് പാർട്ടിയെന്ന രീതിയിലേക്ക് പാർട്ടിയെ മാറ്റിയെടുത്ത് കോൺഗ്രസിലെ ജനാധിപത്യം തകർത്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായതിന് പിന്നിലെ കഥകൾ മാധ്യമങ്ങൾ ഇനിയെങ്കിലും അന്വേഷിക്കണം. അതൊരു അട്ടിമറി ആയിരുന്നെന്നും അത് എങ്ങനെ നടപ്പിലായതെന്നും മനസിലാക്കാതെ പോയതിന്റെ ഫലമാണ് ഇത്. പുതിയമുഖം കടന്നുവരുന്നതിന്റെ ആവേശത്തിൽ ആയിരുന്ന കോൺഗ്രസ് അതിൽ അസ്വാഭാവികത കണ്ടില്ല. എന്നാൽ അത് നല്ല മാറ്റമല്ലെന്ന് വൈകാതെ കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിഞ്ഞു.
ഏകീകൃത സിവിൽകോഡ് വിഷയത്തിൽ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ഐക്യമുണ്ടാക്കി ബിജെപിക്കെതിരെ സമരം ചെയ്തു. അങ്ങനെ ചെയ്താൽ പ്രതിപക്ഷത്തിന് വിലയില്ലെന്ന് വരുത്തി. ബിജെപിയെ അല്ല സിപിഎമ്മിനെ ആണ് നേരിടേണ്ടതെന്ന് വരുത്താനുള്ള ശ്രമം നടത്തി. സിപിഎം വിരുദ്ധതയുടെ മേലങ്കിയണിഞ്ഞ് മൃദു ബിജെപി സമീപനത്തിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തെ അപകടപ്പെടുത്തുന്ന രീതിയിലേക്ക് സതീശൻ വഴിതിരിച്ചുവിട്ടു. ഇത് ചോദ്യംചെയ്തില്ലെങ്കിൽ കോൺഗ്രസ് തകരും.