ബാബാ സിദ്ദിഖി വധം: പത്താമത്തെ ശ്രമം ലക്ഷ്യത്തിലെത്തി; യുട്യൂബ് നോക്കി തോക്ക് ഉപയോഗിക്കാൻ പഠിച്ചു
മുംബൈ ∙ മുൻ മന്ത്രി ബാബാ സിദ്ദിഖിയെ കൊലപ്പെടുത്താൻ ഒരു മാസത്തിനിടെ പത്തുതവണ പ്രതികൾ ശ്രമിച്ചതായി പൊലീസ് വെളിപ്പെടുത്തി. ഒട്ടേറെപ്പേർ എപ്പോഴും ഒപ്പമുണ്ടായിരുന്നതാണ് ആക്രമിക്കാൻ തടസ്സമായത്. സംഘം തോക്ക് ഉപയോഗിക്കാൻ പഠിച്ചത് യുട്യൂബ് വിഡിയോ നോക്കിയാണെന്നും പൊലീസ് വെളിപ്പെടുത്തി. തുറസ്സായ സ്ഥലമെന്ന നിലയിലാണ് മകന്റെ ഓഫിസ് പരിസരം തിരഞ്ഞെടുത്തതെന്നും പ്രതികളുടെ മൊഴിയിൽ പറയുന്നു. ബാന്ദ്രയിൽ ശനിയാഴ്ച രാത്രിയാണ് ബാബാ സിദ്ദിഖി വെടിയേറ്റു മരിച്ചത്. അവിടെ നിന്ന് അധികം അകലെയല്ലാതെ കുർളയിൽ വീട് വാടകയ്ക്ക് എടുത്താണ് അക്രമിസംഘം താമസിച്ചിരുന്നത്.
ഗുർമൈൽ സിങ്, ധർമരാജ് കശ്യപ്, ഹരിഷീകുമാർ നിസാദ്, പ്രവീൺ ലോൻകർ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. സിദ്ദിഖിക്കു നേരെ വെടിയുതിർത്ത യുപി സ്വദേശിയായ ശിവകുമാർ ഗൗതമിനെ പിടികൂടാനായിട്ടില്ല. യുപിയിൽ വിവാഹച്ചടങ്ങുകളുടെ ഭാഗമായി വെടി പൊട്ടിക്കുന്ന ജോലി ചെയ്തിട്ടുള്ള ശിവകുമാറിന് തോക്ക് ഉപയോഗിച്ചു പരിചയമുണ്ട്. ഗുർമൈൽ സിങ്ങിനെയും ധർമരാജ് കശ്യപിനെയും തോക്ക് ഉപയോഗിക്കാൻ പഠിപ്പിച്ചതു ശിവകുമാറാണ്. 15 പൊലീസ് സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്