‘സരിൻ കോൺഗ്രസ് വിട്ടാൽ തടയില്ല; ഇങ്ങനെയൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല’

0

 

തൃശൂർ∙  സരിൻ‍ കോൺഗ്രസ് വിട്ടുപോകണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹത്തിന് പോയേ മതിയാകൂ എന്നാണെങ്കിൽ ആർക്കും തടയാനാകില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സരിൻ വിദ്യാസമ്പന്നനായ കഴിവുള്ള യുവാവാണ്. രാഷ്ട്രീയം എല്ലാവരുടെയും ബോധ്യങ്ങളുടെ ഭാഗമാണ്. സരിന്റെ ചിന്തകളെ മാറ്റാൻ നമുക്കാവില്ല. എന്നാൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല. എഐസിസി എടുത്തൊരു തീരുമാനത്തിനെതിരെ പി.സരിൻ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ അച്ചടക്കലംഘനമുണ്ടോയെന്ന് പരിശോധിക്കുകയാണ് അടുത്ത നടപടിയെന്നും സുധാകരൻ പറഞ്ഞു.

പ്രശ്നം പരിഹരിക്കുകയെന്നതാണ് ഇപ്പോഴത്തെ കാര്യം. അതിന്റെ വരുംവരായ്ക പരിശോധിച്ചിട്ടാണ് നടപടി. സരിന്റെ നിലപാട് പാലക്കാട്ടെ യുഡിഎഫ് വിജയത്തെ സ്വാധീനിക്കില്ല. ഒരു വ്യക്തിയെ ആശ്രയിച്ചല്ല പാലക്കാട്ടെ വിജയം. യുഡിഎഫിൽ വിശ്വസിക്കുന്ന മഹാഭൂരിപക്ഷം ജനങ്ങൾ അവിടെയുണ്ട്. കെ.സുധാകരൻ പോയാൽപ്പോലും പാലക്കാടിനെ ബാധിക്കില്ല. ഞാനാണ് സർവവും എന്ന് കരുതിപ്പോയാൽ അപകടമാണ്. രാഹുൽ മാങ്കൂട്ടത്തിൽ ഷാഫിയുടെ സ്ഥാനാർഥിയല്ല. കോൺഗ്രസിന്റെ സ്ഥാനാർഥിയാണ്. ഹൈക്കമാൻഡ് അംഗീകരിച്ച സ്ഥാനാർഥിയാണ്. പാർട്ടിക്കുള്ളിൽ ജനാധിപത്യം ഉണ്ടെന്നതാണ് ബിജെപിയിൽനിന്നും സിപിഎമ്മിൽനിന്നും കോൺഗ്രസിനുള്ള വ്യത്യാസമെന്നും സുധാകരൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *