സരിനും രാഹുൽ മാങ്കൂട്ടത്തിലും നേർക്കുനേർ

0

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയാവാൻ സമ്മതം മൂളി കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിൻ. ഇക്കാര്യം സരിൻ നാളെ വാർത്താ സമ്മേളനത്തിൽ അറിയിക്കുമെന്നാണ് റിപ്പോർട്ട്. സരിൻ സിപിഎം സ്ഥാനാർത്ഥിയാവുന്നതോടെ പാലക്കാട് മത്സരം കടുക്കും. എതിർ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലും എത്തുന്നതോടെ പാലക്കാട് വാശിയേറിയ മത്സരമായിരിക്കും കാഴ്ച്ച വെക്കുക. രാഹുൽ മാങ്കൂട്ടത്തിൽ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായതോടെയാണ് സരിൻ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. സരിനെ സിപിഎമ്മിലേക്ക് ക്ഷണിക്കുമോ എന്ന ചോദ്യത്തെ തള്ളാതെയാണ് സിപിഎം നേതാക്കളുടെ പ്രതികരണമുണ്ടായത്.

 

പാലക്കാട്ട് കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന പി സരിനെ പിന്തുണക്കാൻ തന്നെയായിരുന്നു സിപിഎം തീരുമാനം. സരിൻ്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റും തീരുമാനമെടുത്തു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സരിനെ സ്ഥാനാർത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കോൺ​ഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെയാണ് സരിൻ രം​ഗത്തെത്തിയത്. പാർട്ടി തിരുത്തണമെന്നും പുനരാലോചിക്കണമെന്നും സരിൻ പറഞ്ഞിരുന്നു. എന്നാൽ മുതിർന്ന നേതാക്കളുൾപ്പെടെ സരിനെ തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്. സരിൻ്റെ തുടർ നീക്കങ്ങൾ നിരീക്ഷിക്കാൻ തീരുമാനിച്ച സിപിഎം നിലവിൽ പോസിറ്റീവായ തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്

 

പി സരിനെ തള്ളുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചത്. രാഹുൽ മാങ്കൂട്ടത്തില്‍ മിടു മിടുക്കനാണെന്നും ഷാഫിയുടെ ചോയ്സ് എന്നത് അധിക നേട്ടമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. വൈകാരികമായി പ്രതികരിക്കരുത് എന്ന് സരിനോട് ആവശ്യപ്പെട്ടിരുന്നു. അച്ചടക്ക ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് കെപിസിസി പ്രസിഡന്‍റ് പരിശോധിച്ച് പറയുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

പി സരിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ അച്ചടക്ക ലംഘനം ഉണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പ്രതികരിച്ചത്. സ്ഥാനാർത്ഥി നിർണയം കോൺഗ്രസ്‌ കീഴ്വഴക്കം അനുസരിച്ചാണ് നടന്നത്. സ്ഥാനാർത്ഥി ആകണമെന്ന് സരിൻ നേരിട്ട് വന്നു ആവശ്യപ്പെട്ടിരുന്നു. ആലോചിച്ചു പറയാം എന്നാണ് സരിനോട് പറഞ്ഞത്. പരസ്യമായി പ്രതികരിച്ചത് ശരിയായില്ല. അത് സരിന് ഗുണകരമല്ലെന്നും കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിലാണ് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ഡോ. പി സരിൻ അതൃപ്തി പരസ്യമാക്കിയത്. പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ വിമര്‍ശിച്ചു. യഥാർത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉൾപാർട്ടി ജനാധിപത്യവും ചർച്ചകളും വേണമെന്നും സരിൻ ആവശ്യപ്പെട്ടു. ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും താന്‍ പുറത്തിറങ്ങിയിട്ടില്ലെന്ന് സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *