ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുല്ല ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

0

 

ശ്രീനഗർ∙  ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്ദുല്ല ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് ചടങ്ങുകൾ. മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30നാണ് സത്യപ്രതിജ്ഞ ചടങ്ങ്. ചടങ്ങിൽ ലഫ്. ഗവർണർ മനോജ് സിൻഹ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് ജമ്മുകശ്മീരിൽ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി. കശ്മീരിനുള്ള പ്രത്യേക അധികാരം ഒഴിവാക്കിയതിനു ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയായാണ് ഒമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്യുന്നത്. നാഷനൽ കോൺഫറൻസ് (എൻസി) ഉപാധ്യക്ഷനായ ഒമർ (54) രണ്ടാംതവണയാണ് മുഖ്യമന്ത്രിയാവുന്നത്.

2009 മുതൽ 2014 വരെ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു.സത്യപ്രതിജ്ഞ ചടങ്ങിന് ഇന്ത്യാ സഖ്യത്തിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുൾപ്പെടെ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.എൻസിപി അധ്യക്ഷൻ ശരദ് പവാർ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ലാലു പ്രസാദ് യാദവ്, എം.കെ. സ്റ്റാലിൻ, ഉദ്ധവ് താക്കറെ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, മെഹബൂബ മുഫ്തി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, അരവിന്ദ് കെജ്‌രിവാൾ എന്നിവരും പ്രധാന ക്ഷണിതാക്കളാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *