പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം റാസ ഹസന് ഇന്ത്യക്കാരി വധുവാകും
ന്യൂയോർക്ക്∙ പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം റാസ ഹസന് ഇന്ത്യക്കാരി വധുവാകും. ഇന്ത്യക്കാരിയായ പൂജ ബൊമനെയാണ് പാക്കിസ്ഥാൻ മുൻ താരം വിവാഹം ചെയ്യാനൊരുങ്ങുന്നത്. തന്റെ വിവാഹ അഭ്യർഥനയ്ക്ക് പൂജ യെസ് പറഞ്ഞതായി റാസ ഹസൻ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. അടുത്ത വർഷമായിരിക്കും വിവാഹം. ന്യൂയോർക്കിൽവച്ചായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.
പാക്കിസ്ഥാനു വേണ്ടി 10 ട്വന്റി20 മത്സരങ്ങളും ഒരു ഏകദിനവും കളിച്ച താരമാണ് 32 വയസ്സുകാരനായ റാസ ഹസൻ. ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷം റാസ ഹസൻ യുഎസിലേക്കു കുടിയേറുകയായിരുന്നു. 32 വയസ്സുകാരിയായ പൂജയും യുഎസിൽ സ്ഥിരതാമസമാണ്.
സ്പിൻ ബോളറായ റാസ 2014 ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലാണ് പാക്കിസ്ഥാനു വേണ്ടി ഒടുവിൽ കളിച്ചത്. 2021 വരെ പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരുന്നു. ലഹോർ ക്വാലാന്‍ഡേഴ്സ്, സിയാൽകോട്ട് സ്റ്റാലിയൻസ് ടീമുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.