ഡ്രൈവറെ കയ്യേറ്റം ചെയ്ത് അരലക്ഷം രൂപ കവർന്നു; മിനി ലോറിയിൽ കാർ ഇടിപ്പിച്ചു
താമരശേരി∙ ചുരത്തിലെ നാലാം വളവ് –അടിവാരം റോഡിൽ മിനി ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത് പണം അപഹരിച്ചതായി പരാതി. മാനന്തവാടി ചെറ്റപ്പാലം സ്വദേശി നിസാറാണ് താമരശേരി പൊലീസിൽ പരാതി നൽകിയത്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. മിനി ലോറിയിൽ കാർ ഇടിപ്പിച്ച ശേഷമാണ് അക്രമം നടത്തിയതെന്ന് നിസാർ പറഞ്ഞു. കാറിൽ നിന്നിറങ്ങിയ സംഘം കയ്യേറ്റം ചെയ്യുകയും പോക്കറ്റിലുണ്ടായിരുന്ന 50000 രൂപ അപഹരിക്കുകയും ചെയ്തെന്നാണ് പരാതി.
കാറിൽ യുവതി അടക്കം മൂന്നുപേർ ഉണ്ടായിരുന്നതായി നിസാർ പറയുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ കാറിലുണ്ടായിരുന്നവർ കടന്നു കളഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് താമരശേരി പൊലീസ് പറഞ്ഞു.