കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളിലും തീരുമാനം; മഹാരാഷ്ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്
ന്യൂഡൽഹി∙ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നരയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം വിളിച്ചു. കേരളത്തിലെ വയനാട് ലോക്സഭ, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും ഇതിനൊപ്പം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26ന് അവസാനിക്കുന്ന സാഹചര്യത്തിൽ അതിനു മുൻപു തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. കഴിഞ്ഞതവണ മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായും ജാർഖണ്ഡിൽ 5 ഘട്ടമായുമാണ് തിരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കും ജാർഖണ്ഡിൽ 90 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഉത്തർ പ്രദേശിലെ 10 മണ്ഡലങ്ങളിലുൾപ്പെടെ രാജ്യത്തെ 45 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്.