‘എന്റെ കണ്ണീരിന് ദൈവം പകരം ചോദിക്കും; ഇനി വെറുതെയിരിക്കില്ല, അറസ്റ്റ് എന്തിനെന്ന് മനസ്സിലാകുന്നില്ല’
കൊച്ചി∙ മൂന്ന് ആഴ്ചയായി താന്‍ മുന്‍ ഭാര്യക്കും മകള്‍ക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും ഇപ്പോള്‍ എന്തിനാണ് അറസ്റ്റു ചെയ്തെന്ന് മനസ്സിലാകുന്നില്ലെന്ന് ബാല. ഇപ്പോൾ ആരാണ് ഇതിന്റെ പുറകിൽ കളിക്കുന്നത്. ഇപ്പോൾ കുടുംബത്തെ ആരാണ് കൊണ്ടുവന്നതെന്നും ബാല ചോദിച്ചു. മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ ബാലയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികരണം.‘ഞാന്‍ മൂന്ന് ആഴ്ചയായി ഈ വിഷയത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ഞാന്‍ അക്കാര്യത്തില്‍ കൊടുത്ത ഉറപ്പ് പാലിച്ചിട്ടിട്ടുണ്ട്. പിന്നെ എന്തിനാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്ന് എനിക്ക് അറിയില്ല. എന്തിനുവേണ്ടിയാണെന്ന് എല്ലാവര്ക്കും അറിയാം ഇപ്പോ ആരാണ് കളിക്കുന്നതെന്ന് പരിശോധിക്കണം. കുടുംബത്തെ ഇപ്പോള്‍ വലിച്ചിഴയ്ക്കുന്നത് ഞാനല്ല. എന്തിന് വേണ്ടിയാണ് ഇതെന്ന് നിങ്ങൾ തീരുമാനിക്കൂ. എന്റെ കണ്ണീരിന് ദൈവം പകരം ചോദിക്കും. ഇനി വെറുതെയിരിക്കില്ല. കണ്ണീര് കുടിപ്പിച്ചവർക്കുള്ള ഫലം ദൈവം നൽകും’’– ബാല പറഞ്ഞു.ഇന്ന് പുലർച്ചെയാണ് നടൻ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, കുട്ടികളോട് ക്രൂരത കാട്ടൽ എന്നീ വകുപ്പുകളനുസരിച്ച് കേസെടുക്കാനുള്ള മൊഴികളാണ് പൊലീസിന് ലഭിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുൻ പങ്കാളിയുമായുള്ള കരാർ ലംഘിച്ചതിനു ഐപിസി 406, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്.കുടുംബപ്രശ്നങ്ങളിൽ ചില പ്രതികരണങ്ങൾ ബാലയും മുൻ ഭാര്യയും സമൂഹമാധ്യമത്തിൽ നടത്തിയിരുന്നു. മകളുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളും സമൂഹമാധ്യമത്തിൽ ബാല നടത്തിയിരുന്നു. ഇരുവരുടെയും അഭിഭാഷകർ പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.