ജനറൽ ടിക്കറ്റെടുത്ത് എസി കോച്ചിൽ കയറിയതിനെച്ചൊല്ലി തർക്കം; ശരവണനെ തള്ളിയിടുന്നത് കണ്ടെന്ന് നിർണായക മൊഴി
കോഴിക്കോട്∙ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിക്കാനിടയായ സംഭവം അബദ്ധത്തിൽ പറ്റിയതെന്ന് പൊലീസ്. തമിഴ്നാട് കാഞ്ചീപുരം കീൽകട്ടളൈ ശിവരാജ് സ്ട്രീറ്റിലെ ശരവണൻ (25) ആണ് മരിച്ചത്. അറസ്റ്റിലായ കണ്ണൂർ തിമിരി വണ്ടാനത്ത് വീട്ടിൽ ടി.എസ്.അനിൽ കുമാറിനെ (50) റിമാൻഡ് ചെയ്തു.ജനറൽ ടിക്കറ്റെടുത്ത് ശരവണൻ എസി കോച്ചിൽ കയറിയതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. ഇതിനിടെ ശരവണനെ അനിൽകുമാർ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിടുകയായിരുന്നു. എന്നാൽ ശരവണൻ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലാണ് വീണത്. അനിൽ കുമാറിന് ശരവണനെ മുൻപരിചയം ഉണ്ടായിരുന്നില്ല. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ശനി രാത്രി 11.15ന് മംഗലൂരു -കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിനിലെ എസി കമ്പാര്‍ട്ട്മെന്‍റിൽ നിന്നും വീണാണ് യുവാവ് മരിച്ചത്. ട്രെയിന്‍ കോഴിക്കോട് സ്റ്റേഷനില്‍ നിന്നും നീങ്ങിത്തുടങ്ങിയ ഉടനെയായിരന്നു അപകടം.യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിൻ നിര്‍ത്തിയ ശേഷമാണ് പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയ യുവാവിനെ പുറത്തെടുത്തത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു.ശരവണൻ കണ്ണൂരിലെ ബന്ധു വീട്ടിലെത്തിയതായിരുന്നു. ശരവണനെ ട്രെയിനില്‍ നിന്നും തള്ളിയിടുന്നത് കണ്ടെന്ന് പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാരി മൊഴി നൽകിയതാണ് നിർണായകമായത്. ട്രെയിൻ കോച്ചുകളിൽ യാത്രക്കാർക്ക് പുതപ്പും തലയിണയും വിതരണം ചെയ്യന്ന ഏജൻസിയിലെ തൊഴിലാളിയാണ് അനിൽ കുമാർ.