ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

0

കൊച്ചി ∙  എറണാകുളം ചോറ്റാനിക്കരയ്ക്കടുത്ത് മാമല കക്കാട് അധ്യാപക ദമ്പതികളും രണ്ടു മക്കളും മരിച്ചനിലയിൽ. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മാമല കക്കാട് പടിഞ്ഞാറേവാര്യത്ത് രഞ്ജിത് (45), ഭാര്യ രശ്മി (40), മക്കളായ ആദി (12), ആദ്യ (8) എന്നിവരെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ടനാട് സെന്റ് മേരീസ് സ്കൂളിലെ അധ്യാപകനാണ് രഞ്ജിത്. രശ്മി പൂത്തോട്ട എസ്എൻഡിപി സ്കൂളിലെ അധ്യാപികയാണ്. രണ്ടു മക്കളും ഇവിടുത്തെ വിദ്യാർഥികളാണ്. ഇന്നു രാവിലെ സ്കൂളിൽ‍ ചെല്ലാതിരുന്നപ്പോൾ സ്കൂളിൽ നിന്ന് വിളിച്ചെങ്കിലും മറുപടി ഉണ്ടാകാത്തതിനെ തുടർന്ന് സ്കൂള്‍ അധികൃതർ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു.

തുടർന്ന് പഞ്ചായത്ത് അംഗം അയൽക്കാരുമായി എത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. അധ്യാപക ദമ്പതികൾ ഡൈനിങ് മുറിയിൽ തൂങ്ങി മരിച്ച നിലയിലും മക്കളുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയിട്ടുള്ളത്. മുറിയിൽനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കാരണമായി പറഞ്ഞിരിക്കുന്നതെങ്കിലും ഇരുവരും അധ്യാപകരായ സാഹചര്യത്തിൽ ഇതു മാത്രമാണോ കാരണമെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – (1056, 0471 2552056)

Spread the love

Leave a Reply

Your email address will not be published. Required fields are marked *