അമ്മത്തൊട്ടിലിൽ പുതിയൊരു അതിഥിയെത്തി: നവമി എന്ന് പേരിട്ടു
തിരുവനന്തപുരം: തിരുവനന്തപുരത്തെ അമ്മ തൊട്ടിലില്‍ പുതിയ അതിഥി. നവരാത്രി ദിനത്തില്‍ ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്. നവമി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ എത്തുന്ന 609-ാമത്തെ കുഞ്ഞാണ് നവമി.
നവരാത്രി ദിനത്തിൽ ലഭിച്ച കുഞ്ഞിന് നവമി എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപിയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ശിശുക്ഷേമ സമിതിയിൽ കഴിഞ്ഞ തിങ്കളാഴ്ച ലഭിച്ച കുഞ്ഞിന്റെ പേര് ഒലീവ എന്നാണ്.
തിരുവനന്തപുരത്തെ അമ്മ തൊട്ടിലില്‍ 15 കുഞ്ഞുങ്ങളെയാണ് ഈ വര്‍ഷം ലഭിച്ചതെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിയമാനുസൃതം എല്ലാ സംരക്ഷണവും ഉറ്റവര്‍ ഉപേക്ഷിക്കുന്ന ഈ കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കും. ഈ മക്കള്‍ എല്ലാ അവകാശങ്ങളോടെയും ജീവിക്കണം എന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാനായി എത്തിയത്. പുലർച്ചെ മുതൽ തന്നെ ക്ഷേത്രങ്ങളിൽ നീണ്ട നിരയാണ് ഉള്ളത്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് പുലർച്ചെ നാല് മണി മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി.സാംസ്കാരിക സംഘടനകളുടെയും പള്ളികളുടേയും നേതൃത്വത്തിലും വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നുണ്ട്