ശബരിമല വെർച്വൽ ക്യൂ, മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ല: വി.എന്‍ വാസവന്‍
കോട്ടയം: പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. ശബരിമലയില്‍ പ്രതിദിനം 80,000 എന്ന് തീരുമാനിച്ചത് വരുന്ന തീര്‍ഥാടകര്‍ക്ക് സുഗമമായും സുരക്ഷിതമായും ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ്. അവിടെ മാലയിട്ട് ഇരുമുടിക്കെട്ടുമായി വരുന്ന ഒരു തീര്‍ഥാടകനും തിരിച്ചുപോകേണ്ടി വരില്ലെന്നും വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എണ്ണം ചുരുക്കിയത് സുഗമമായ ദര്‍ശനത്തിന് വേണ്ടിയാണ്. എല്ലാ തീര്‍ഥാടകര്‍ക്കും ദര്‍ശനം ഒരുക്കും. ഈ കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം നടത്തി വിശദീകരിക്കുകയും ചെയ്തു. അതുകൊണ്ട് ഒരു വിവാദത്തിന്റെയും പ്രശ്‌നമില്ല. രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാല്‍ നേരിടും. ഭക്തജനങ്ങളെ ചില രാഷ്ട്രീയ കക്ഷികള്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
എല്ലാ തീര്‍ഥാടകര്‍ക്കും ദര്‍ശനം ഒരുക്കുന്ന സാഹചര്യം ഉണ്ടാവും. ഭക്തര്‍ക്ക് പൂര്‍ണമായ സുരക്ഷിതത്വവും സുഗമമായ ദര്‍ശനവും ലഭിക്കുന്നതിന് വേണ്ടിയാണ് എണ്ണം നിജപ്പെടുത്തിയത്. നേരിട്ട് സ്‌പോട് ബുക്കിങ്ങ് ഉണ്ടാവില്ല. തീര്‍ഥാടകര്‍ക്കായി ഇടത്താവളങ്ങളില്‍ അക്ഷയകേന്ദ്രങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
ആള്‍ക്കൂട്ടത്തെ കൃത്യമായി നിയന്ത്രിച്ച് പോകണമെങ്കില്‍ നമ്പറിന്റെ നിശ്ചയവും ക്രമീകരണങ്ങളും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്തജനങ്ങള്‍ക്ക് സുരക്ഷിതത്വം വേണം, അവര്‍ക്ക് ദാഹജലം കൊടുക്കണം, ദര്‍ശനത്തിനുള്ള സൗകര്യം വേണം തുടങ്ങിയ എല്ലാ ആവശ്യങ്ങളും ഒരുക്കി സുഗമമായ ദര്‍ശനം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. മഴയും വേനലുമേല്‍ക്കാതിരിക്കാന്‍ റൂഫിങ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആധുനിക സംവിധാനത്തോട് കൂടിയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷമുണ്ടായ പ്രശ്‌നം പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയല്ലെന്നും വി എന്‍ വാസവന്‍ ചോദ്യങ്ങളോട് പ്രതികരിച്ചു. ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഒരു ശ്രമം ചില ശക്തികളുടെ ഭാഗത്തുനിന്നുണ്ടായി, ഇതിനെ പൊലീസ് നല്ല രീതിയില്‍ നിയന്ത്രിച്ചെന്നും മന്ത്രി പറഞ്ഞു. കേരള പൊലീസ് വളരെ സമര്‍ത്ഥന്മാരായ പൊലീസുകാരാണെന്നും മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി