ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി: സർക്കാരിന് ചെലവ് 57 ലക്ഷം, വിമാനയാത്രയ്ക്ക് മാത്രം 7 ലക്ഷം
തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് ഓണറേറിയമായും മറ്റ് ഇനങ്ങളിലും പ്രതിഫലമായി നൽകിയത് 19.38 ലക്ഷം രൂപ. അദ്ദേഹത്തിന്റെ ഓഫിസിലെ ജീവനക്കാർക്കുള്ള ശമ്പളവും മറ്റ് അലവൻസുകളുമായി 29.75 ലക്ഷംരൂപ നൽകി. 57,41,897 രൂപയാണ് പ്രത്യേക പ്രതിനിധിയുടെ ഓഫിസിനായി ഇതുവരെ സർക്കാർ ചെലവഴിച്ചത്.വിമാനയാത്രയ്ക്കായി 7,18,460 രൂപയും ഇന്ധന ചെലവ് ഇനത്തിൽ 95,206 രൂപയും ചെലവാക്കിയിട്ടുണ്ട്. വാഹന ഇൻഷുറൻസിന് 13,431രൂപ. ഓഫിസ് ചെലവായി 1000 രൂപ.
കേരളത്തിന്റെ താൽപര്യങ്ങൾ ദേശീയ തലത്തിൽ സംരക്ഷിക്കുന്നതിനും കേന്ദ്രസർക്കാരുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തി പ്രധാന വിഷയങ്ങളിൽ ഇടപെടുന്നതിനുമാണ് പ്രത്യേക പ്രതിനിധിയെ നിയോഗിച്ചത്.കോൺഗ്രസിൽനിന്ന് പുറത്താക്കിയ മുൻ കേന്ദ്രമന്ത്രി കെ.വി.തോമസിനെ 2023 ജനുവരി 19നാണ് കാബിനറ്റ് പദവിയോടെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എ.സമ്പത്തായിരുന്നു പ്രത്യേക പ്രതിനിധി. തൃക്കാക്കരയിലെ എൽഡിഎഫ് പ്രചാരണ കൺവെൻഷനിൽ പങ്കെടുത്തതോടെയാണ് കോൺഗ്രസിൽനിന്ന് കെ.വി.തോമസിനെ പുറത്താക്കിയത്.