ബാബ സിദ്ദിഖിന്റെ കൊലപാതകം: 2 പേർ കസ്റ്റഡിയിൽ
മുംബൈ: എൻസിപി അജിത് പവാർ വിഭാഗം നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിനെ വെടിവച്ചു കൊന്ന കേസിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിൽ അജ്ഞാതരായ മൂന്നു പേരാണ് മുംബൈ ബാന്ദ്രയിൽ വെച്ച് അദ്ദേഹത്തിന് നേരെ വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ ബാബാ സിദ്ദിഖിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയറിലും നെഞ്ചിലുമായി 6 വെടിയുണ്ടകൾ ശരീരത്തിൽ തുളഞ്ഞു കയറുകയായിരുന്നു. അധോലോക നേതാവ് ഭിഷ്ണോയിയുടെ സംഘത്തിന് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
മുംബൈ ബാന്ദ്ര ഈസ്റ്റിലെ എംഎൽഎ ആയ മകന്റെ ഓഫീസിൽ വെച്ചാണ് ബാബാ സിദ്ദിഖിക്ക് നേരെ അജ്ഞാതർ വെടിവെച്ചത്. ഓഫീസിൽ നിന്ന് കാറിലേക്ക് കയറാൻ തുടങ്ങുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. 15 ദിവസം മുമ്പ് ബാബ സിദ്ദിഖിന് വധ ഭീക്ഷണി ലഭിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. 1999, 2004, 2009 വർഷങ്ങളിൽ ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽ നിന്ന് എംഎൽഎ. 2013ൽ സിദ്ദിഖ് സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയിൽ സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും തമ്മിലുള്ള ശീതസമരം പരിഹരിക്കപെട്ടിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന് ദേശീയ ശ്രദ്ധ ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് എന്‍സിപി അജിത് പവാര്‍ വിഭാഗവുമായി ചേർന്നത്