മഹാരാഷ്ട്ര മുൻമന്ത്രി ബാബാ സിദ്ദിഖ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻ.സി.പി അജിത് പവർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖി വെടിയേറ്റ് മരിച്ചു. അജ്ഞാതരായ മൂന്നു പേരാണ് മുംബൈ ബാന്ദ്രയിൽ വെച്ച് അദ്ദേഹത്തിന് നേരെ വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ ബാബാ സിദ്ദിഖിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയറിലും നെഞ്ചിലുമായി 6 വെടിയുണ്ടകൾ ശരീരത്തിൽ തുളഞ്ഞു കയറുകയായിരുന്നു. അധോലോക നേതാവ് ഭിഷ്ണോയിയുടെ സംഘത്തിന് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
മുംബൈ ബാന്ദ്ര ഈസ്റ്റിലെ എംഎൽഎ ആയ മകന്റെ ഓഫീസിൽ വെച്ചാണ് ബാബാ സിദ്ദിഖിക്ക് നേരെ അജ്ഞാതർ വെടിവെച്ചത്. ഓഫീസിൽ നിന്ന് കാറിലേക്ക് കയറാൻ തുടങ്ങുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ ആറ് വെടിയുണ്ടകളും ശരീരത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഒരു മഹാരാഷ്ട്ര സ്വദേശിയും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയും മറ്റൊരു ഹരിയാന സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം.
15 ദിവസം മുമ്പ് ബാബ സിദ്ദിഖിന് വധ ഭീക്ഷണി ലഭിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. 1999, 2004, 2009 വർഷങ്ങളിൽ ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽ നിന്ന് എംഎൽഎ. 2013ൽ സിദ്ദിഖ് സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയിൽ സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും തമ്മിലുള്ള ശീതസമരം പരിഹരിക്കപെട്ടിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന് ദേശീയ ശ്രദ്ധ ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് എന്‍സിപി അജിത് പവാര്‍ വിഭാഗവുമായി ചേർന്നത്..