വർണാഭമായ പന്തലുകളും ദീപാലങ്കാരങ്ങളും; ദുർഗാപൂജയുടെ ആഘോഷലഹരിയിൽ കൊൽക്കത്ത
കൊൽക്കത്ത ∙ ബംഗാളിന്റെ സാംസ്കാരിക പാരമ്പര്യത്തെയും വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന ദുർഗാപൂജാ ആഘോഷങ്ങളിൽ മുങ്ങി കൊൽക്കത്ത നഗരം. തിന്മയെ പരാജയപ്പെടുത്തി നന്മയുടെ വിജയം ആഘോഷിക്കുകയാണ് ഒരു ജനത മുഴുവൻ. വർണാഭമായ പന്തലുകളും ദീപാലങ്കാരങ്ങളുമായി ആഘോഷത്തിന്റെ നാളുകളിൽ, കൊൽക്കത്ത നഗരം ഉറക്കമില്ലാത്ത ആഘോഷത്തിലാണ്. കലാവൈഭവം പ്രകടമാക്കുന്ന ദുർഗാ പൂജ പന്തലുകളാണ് നഗരത്തിലെ ഇത്തവണത്തെയും പ്രധാന ആകർഷണം. ബംഗാളി സംസ്കാരത്തിൽ ഊന്നിയ ഇത്തരം പന്തലുകൾ കാണാനായി നിരവധി ആളുകളാണ് നഗരത്തിലേക്ക് ഒഴുകിയെത്തുന്നത്.
ശീർഭൂമി സ്‌പോർട്ടിങ് ക്ലബ്ബിൽ ഒരുക്കിയിരിക്കുന്ന പന്തലാണ് കൊൽക്കത്ത നഗരത്തിലെ മുഖ്യ ആകർഷണം. സോവബസാർ രാജ്ബാരിയിലും കൊൽക്കത്തയുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും പ്രദർശിപ്പിക്കുന്ന പന്തല്‍ ഒരുക്കിയിട്ടുണ്ട്. രാജാ നബകൃഷ്ണ ദേബിന്റെ 175 വർഷം പഴക്കമുള്ള ഈ പൂർിവക ഭവനം ദുർഗാപൂജ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമാണ്. പരമ്പരാഗത വാസ്തുവിദ്യയും കരകൗശലത്തൊഴിലാളികളുടെ കരവിരുതും പന്തലിന് കൂടുതൽ സൗന്ദര്യം പകരുന്നു. ബംഗാളിന്റെ കുലീന പാരമ്പര്യം നിറയുന്നതാണ് ഇവിടെത്തെ പൂജാ പന്തൽ.
നഗരത്തിലെ ബാഗ്ബസാർ സർബോജനിൻ ഒരുക്കിയിരിക്കുന്ന ദുർഗാപൂജ പന്തൽ കൊൽക്കത്തയിലെ തന്നെ ഏറ്റവും പഴക്കമേറിയ പന്തലുകളിൽ ഒന്നാണ്. 1918-ൽ സ്ഥാപിതമായ ഈ പന്തൽ പൂജാ ആഘോഷത്തിലെ പ്രധാന ആകർഷണമാണ്. കരകൗശലപ്പണികളും അലങ്കാരങ്ങളും നിറഞ്ഞ പന്തൽ നവരാത്രിയിൽ ഭജനകളാൽ മുഖരിതമാകും. തെക്കൻ കൊൽക്കത്തയിലെ ചെത്‌ല അഗ്രാനിയിലും അനേകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ദൂർഗാ പൂജാ പന്തൽ ഒരുക്കിയിട്ടുണ്ട്. ദേശപ്രിയ പാർക്കിലെ പന്തലും കാഴ്ചക്കാരെ ആകർഷിക്കുന്നു. ബംഗാളിന്റെ സമ്പന്നമായ പൈതൃകത്തിന്റെയും ആത്മീയ മഹത്വത്തിന്റെയും സത്ത ഉൾക്കൊള്ളുന്നതാണ് ഇവിടത്തെ പന്തൽ.