നയാബ് സിങ് സെയ്നിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; ആഘോഷമാക്കാൻ ബിജെപി, മോദിയെത്തും

0

ന്യൂഡൽഹി ∙  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നയാബ് സിങ് സെയ്നി വ്യാഴാഴ്ച (ഒക്ടോബർ 17) ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്ര മന്ത്രിമാരും മുതിര്‍ന്ന ബിജെപി നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും. നേരത്തെ 15ന് സത്യപ്രതിജ്ഞ എന്നാണ് അറിയിച്ചതെങ്കിലും പ്രധാനമന്ത്രിയുടെ സൗകര്യാര്‍ഥം തീയതി 17ലേക്ക് മാറ്റുകയായിരുന്നു. പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടില്‍ രാവിലെയാകും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.തിരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടി ഹരിയാനയില്‍ ഹാട്രിക് വിജയമാണ് ബിജെപി നേടിയത്. കോണ്‍ഗ്രസിന് 37 സീറ്റുകളാണ് ലഭിച്ചത്. ഐഎന്‍എൽ‌ഡിക്ക് രണ്ടു സീറ്റുകള്‍ ലഭിച്ചു. ജയിച്ച മൂന്ന് സ്വതന്ത്രര്‍ ബിജെപിക്ക് പിന്തുണ നല്‍കി.

മറ്റന്നാൾ ബിജെപിയുടെ നിയമസഭാ കക്ഷിയോഗം ചേരും. ഇക്കൊല്ലം മാര്‍ച്ചിലാണ് മനോഹര്‍ ലാല്‍ ഖട്ടറിനെ മാറ്റി, ബിജെപി നയാബ് സിങ് സെയ്നിയെ മുഖ്യമന്ത്രിയാക്കിയത്.നിയമബിരുദധാരിയായ സെയ്നി, പാര്‍ട്ടി ആസ്ഥാനത്തു കംപ്യുട്ടര്‍ ഓപ്പറേറ്ററായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 2002ലും 2005ലും യുവമോര്‍ച്ച അംബാല ജില്ലാ പ്രസിഡന്റായി. 2009 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റു. 2014 ല്‍ നാരായണ്‍ഗഡില്‍ നിന്ന് നിയമസഭാംഗമായി. 2015 മുതല്‍ 2019 വരെ ഖട്ടര്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. 2019 ല്‍ കുരുക്ഷേത്രയില്‍ നിന്നും ലോക്സഭയിലേക്കു ജയം. 2023 ല്‍, അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനുമായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *