മകൻ ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ടു, ഇപ്പോ ജോലിയില്ല; ഒരു ലക്ഷം രൂപ കടം: മേധ പട്കർക്കു മുന്നിൽ കരഞ്ഞ് മുരുകൻ
മേപ്പാടി∙ പ്രമുഖ പരിസ്ഥിത – സാമൂഹിക പ്രവർത്തക മേധ പട്കറിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ. മനോരമ ഓൺലൈൻ സംഘത്തിനൊപ്പം ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിക്കാനെത്തിയപ്പോഴാണ് ദുരന്തബാധിതർ സങ്കടങ്ങളുടെ കെട്ടഴിച്ചത്. ചൂരൽമലയിലും മേപ്പാടിയിലും സ്ത്രീകളുൾപ്പെടെയുള്ള വലിയ സംഘം മേധ പട്കറെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട മുണ്ടക്കൈ സ്വദേശി മുരുകൻ മേധ പട്കറിനു മുന്നിൽ പൊട്ടിക്കരഞ്ഞു. മകനും വീടും എല്ലാം ഉരുൾപൊട്ടലിൽ ഒലിച്ചുപോയെന്നു മുരുകൻ പറഞ്ഞു.
ആദ്യ ഉരുൾപൊട്ടലുണ്ടായപ്പോൾ താനും ഭാര്യ സുബ്ബലക്ഷ്മിയും മകൻ ശരത് ബാബുവും സുരക്ഷിത സ്ഥലത്തേക്കു മാറി. എന്നാൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു അവരെ രക്ഷിക്കാനായി ശരതും സുഹൃത്ത് പ്രതീഷും പോയി. രക്ഷാപ്രവർത്തനം നടത്തുന്നതിനിെടയാണു വീണ്ടും ഉരുൾപൊട്ടലുണ്ടായത്. അതിൽ മകൻ ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ടു. മേപ്പാടിയിൽ വാടക വീട്ടിലാണ് താമസിക്കുന്നത്. തേയില എസ്റ്റേറ്റിലായിരുന്നു ജോലി. ഇപ്പോൾ ജോലി ഇല്ല. ഒരു ലക്ഷം രൂപ കടമുണ്ട്. എങ്ങനെ വീട്ടുമെന്നറിയില്ലെന്നും മുരുകൻ പറഞ്ഞു.
സ്ത്രീകൾ ഉൾപ്പെടെ നിരവധിപ്പേർ മേധ പട്കറോട് സങ്കടം വിവരിച്ചു. വലിയ ബുദ്ധിമുട്ടിലൂടെയാണു കടന്നുപോകുന്നത്. ജോലിയില്ലെന്നും ലക്ഷങ്ങൾ കടബാധ്യതയുണ്ടെന്നും പറഞ്ഞു. സർക്കാർ ഇതുവരെയും വീട്, തൊഴിൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ തീരുമാനം പറയാത്തതിനാൽ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്ന് മേധ പട്കർ മറുപടി പറഞ്ഞു. പരിഹാരമില്ലാതെ കിടന്ന പല പ്രശ്നങ്ങൾക്കും സ്ത്രീകളുടെ പോരാട്ടത്തിലൂടെ ഫലം കാണാൻ സാധിച്ചെന്നും അവർ പറഞ്ഞു.