കോർപ്പറേറ്റുകളുടെ കോടികൾ എഴുതിത്തള്ളുന്നില്ലേ; വയനാട്ടിലെ കടങ്ങളും ഇളവ് ചെയ്യണം: മേധ പട്കർ
മേപ്പാടി∙ പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ കരുതുന്ന സുസ്ഥിര വികസന പാതയിലൂടെ വേണം വയനാടിന്റെ ഭാവി വികസനം ഉറപ്പാക്കേണ്ടതെന്നു പ്രശസ്ത പരിസ്ഥിതി–സാമൂഹിക പ്രവർത്തകയും നർമദാ ബച്ചാവോ ആന്ദോളന്റെ ജനകീയ നേതാവുമായ മേധ പട്കർ. കിട്ടാക്കടമായി കോർപ്പറേറ്റുകളുടെ നൂറുകണക്കിനു കോടി രൂപ എഴുതിത്തള്ളുന്ന ബാങ്കുകൾ ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.മനോരമ ഓൺലൈനോടൊപ്പം ചൂരൽമല, മുണ്ടക്കൈ ദുരന്ത മേഖല സന്ദർശിക്കവെയാണ് അവർ ഇക്കാര്യം പറഞ്ഞത്.
വിനോദസഞ്ചാരമുൾപ്പെടെ ജനങ്ങളുടെ അതിജീവനത്തെ സഹായിക്കുന്ന കാര്യങ്ങൾ പാരിസ്ഥിതിക കാര്യങ്ങൾ കൂടി പരിഗണിച്ചുവേണം പുനഃരാരംഭിക്കേണ്ടതെന്നും അവർ നിർദേശിച്ചു. ‘‘ലോകമെമ്പാടും മാറുന്ന കാലാവസ്ഥയും ആഗോള താപനവും ഈ ദുരന്തത്തിന്റെ കാരണങ്ങളിലൊന്നാണ്. അതിതീവ്രമഴയും ഭൂമിയുടെ ചെരിവുമാണു പ്രകൃതി ദുരന്തത്തിലേക്കു നയിച്ചത്. ഈ സാഹചര്യത്തിൽ ശാസ്ത്രീയമായ ദുരന്തപ്രതിരോധത്തിന്റെയും പ്രസക്തി വളരെ ഏറെയാണ്. ജനങ്ങളെ മറന്ന് പരിസ്ഥിതിയെ പരിഗണിക്കേണ്ട കാര്യമില്ല.
എന്നാൽ പ്രകൃതിയുടെ പ്രത്യേകതൾ കൂടി നമ്മൾ മനസ്സിലാക്കണം. ആ രീതിയിൽ വേണം വികസനത്തെ കാണേണ്ടത്. ധനലാഭം മാത്രം ലക്ഷ്യമിട്ടു പ്രകൃതിയെ മറന്നാൽ ദുന്തമായി മാറും.ദുരന്തത്തിന്റെ വ്യാപ്തി നേരിട്ടറിഞ്ഞ മേധ പട്കർ അതിഭീകരമായ അവസ്ഥയാണെന്നു പ്രതികരിച്ചു. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് മേധ പട്കർ, സി.ആർ.നീലകണ്ഠൻ എന്നിവർ മനോരമ ഓൺലൈൻ സംഘത്തിനൊപ്പം ചൂരൽമലയിൽ എത്തിയത്. ചൂരൽമലയിലെ ബെയ്‌ലി പാലത്തിലൂടെ നടന്ന അവർ തകർന്ന വീടുകളും സ്കൂൾ കെട്ടിടങ്ങളും കണ്ടു. തുടർന്ന് മുണ്ടക്കൈയും സന്ദർശിച്ചു.
പരിസ്ഥിതി നിയമങ്ങൾ തെറ്റിക്കാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു. പരിസ്ഥിതി വലിയ രീതിയിൽ മാറിയിരിക്കുയാണ്. മഹാരാഷ്ട്രയിലും ഹിമാലയൻ സംസ്ഥാനങ്ങളിലും ഇത്തരം ദുരന്തങ്ങൾ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. മാനുഷിക ഇടപെടലാണ് കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന ദുരന്തങ്ങൾക്കു പ്രധാന കാരണം. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കടുത്ത തീരുമാനങ്ങൾ എടുക്കണം. കാരണം നമ്മൾ അടുത്ത തലമുറയുടെ നിലനിൽപ്പുകൂടി പരിഗണിക്കണം.
സ്ത്രീകളാണ് ദുരന്തത്തിന്റെ ഏറ്റവും വലിയ ഇരകൾ. ഉറ്റവരെ നഷ്പ്പെട്ട നിരവധി സ്ത്രീകളെ നേരിൽകണ്ടു. ആയിരക്കണക്കിനു രൂപ റോഡ് വികസനത്തിനും മറ്റുമായി ചെലവഴിക്കുന്നുണ്ട്. എന്നാൽ ദുരന്തബാധിതരെ പുനഃരധിവസിപ്പിക്കുന്നതിനായി തുച്ഛമായ തുകയാണ് അനുവദിക്കുന്നത്.പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് ഉൾപ്പെടെ നിരവധി പഠന റിപ്പോർട്ടകൾ പുറത്തു വന്നു. അത്തരം റിപ്പോർട്ടുകളിലൊന്നും വെള്ളം ചേർക്കാൻ സാധിക്കില്ലെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നതെന്നും അവർ പറഞ്ഞു.
വയനാട്ടിലൂടെ നിർമിക്കാൻ ഉദ്ദേശിക്കുന്ന തുരങ്കപാത പ്രകൃതി ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കും’’ – അവർ പറഞ്ഞു. മേപ്പാടിയിലും നിരവധിപ്പേർ മേധ പട്കറെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. സങ്കടങ്ങൾ പറഞ്ഞപ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മേധ പട്കറുടെ കൈയ്യിൽ പിടിച്ച് കരഞ്ഞു. എല്ലാം നഷ്ടപ്പെട്ടുവെന്നും വലിയ കടബാധ്യതയുണ്ടെന്നും അവർ മേധ പട്കറോട് പറഞ്ഞു. സ്ത്രീകൾ മുന്നോട്ടുവന്നാൽ മാത്രമേ സർക്കാർ തലത്തിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുകയുള്ളുവെന്നും മേധാ പട്കർ വ്യക്തമാക്കി.