മദ്രസാ അധ്യാപകരുടെ ശമ്പളം ഉയർത്തി; പദ്ധതികൾ ഒട്ടേറെ: ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് ഷിൻഡെ

0

 

മുംബൈ∙  തിരഞ്ഞെടുപ്പിനു മുൻപ് ചെറുവിഭാഗങ്ങളെ പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒബിസി വിഭാഗത്തിന്റെ നോൺ ക്രീമിലെയർ വാർഷിക വരുമാന പരിധി എട്ടു ലക്ഷം രൂപയിൽനിന്ന് 15 ലക്ഷം രൂപയായി ഉയർത്തണമെന്നു മഹാരാഷ്ട്ര മന്ത്രിസഭാ യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രം അംഗീകാരം നൽകുന്നതോടെ പിന്നാക്ക വിഭാഗത്തിലെ വലിയൊരു വിഭാഗം സർക്കാർ ജോലി, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സംവരണത്തിന് അർഹരാകും. ഈ തീരുമാനം വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.ഭരണവിരുദ്ധ വികാരം ശക്തമായിരുന്ന ഹരിയാനയിൽ തിരഞ്ഞെടുപ്പിന് മുൻപ് നോൺ ക്രീമിലെയർ പരിധി 6 ലക്ഷത്തിൽ നിന്ന് 8 ലക്ഷമാക്കി മാറ്റാനുള്ള തീരുമാനം വോട്ടായി മാറിയത് ബിജെപി വിജയത്തിൽ നിർണായകമായിരുന്നു.

മഹാരാഷ്ട്ര പട്ടികജാതി കമ്മിഷന് ഭരണഘടനാ പദവി നൽകുന്ന കരട് ഓർഡിനൻസിനും സർക്കാർ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. മൗലാന ആസാദ് ന്യൂനപക്ഷ സാമ്പത്തിക കോർപറേഷന് നൽകുന്ന വാർഷിക ഗ്രാന്റ് 700 കോടിയിൽ നിന്ന് 1000 കോടിയാക്കുക, ഡോ. സാക്കിർ ഹുസൈൻ മദ്രസാ മോഡേനൈസേഷൻ സ്കീമിനു കീഴിൽ പ്രവർത്തിക്കുന്ന മദ്രസ അധ്യാപകരുടെ ശമ്പളം 6000, 8000 രൂപ യഥാക്രമം 16,000, 18,000 രൂപയാക്കി വർധിപ്പിക്കുക എന്നിങ്ങനെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള തീരുമാനങ്ങളും സംസ്ഥാന സർക്കാർ എടുത്തിട്ടുണ്ട്. ഒബിസി വിഭാഗങ്ങളുടെ കേന്ദ്രപട്ടികയിൽ സംസ്ഥാനത്തെ 19 ജാതികളെയും ഉപജാതികളെയും ഉൾപ്പെടുത്തുന്നതിന് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ അനുമതി നൽകിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *