വിമാനം തിരിച്ചിറക്കിയ സംഭവം; വിശദീകരണവുമായി എയർ ഇന്ത്യ

0

തിരുച്ചിറപ്പള്ളി: ട്രിച്ചി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ മൂലം ആകാശത്ത് കുടുങ്ങിയ വിമാനം തിരിച്ചിറക്കിയ സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ട്രിച്ചിയിൽ ഇന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ലാൻഡിംഗ് ഗിയർ പ്രശ്‌നത്തെ തുടർന്നാണ് താഴെയിറങ്ങാൻ പറ്റാതെ ആകാശത്ത് വട്ടമിട്ട് പറന്നത്. സാങ്കേതിക തകരാർ ഉണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

‘ഓപ്പറേറ്റിംഗ് ക്രൂ അടിയന്തര ലാൻഡിങ്ങ് നടത്തുന്നതായി പ്രഖ്യാപിച്ചിരുന്നില്ല. സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം, റണ്‍വേ നീളം കണക്കിലെടുത്ത് ഇന്ധനവും ഭാരവും കുറയ്ക്കുന്നതിനായി മുന്‍കരുതലെന്നോണം നിയുക്ത പ്രദേശത്ത് വിമാനം ഒന്നിലധികം തവണ വട്ടമിടുകയായിരുന്നു. സാങ്കേതിക തകരാര്‍ ഉണ്ടാകാനിടയായ സാഹചര്യം പരിശോധിക്കും. അസൗകര്യമുണ്ടായ യാത്രക്കാര്‍ക്ക് യാത്ര തുടരുന്നതിനായുള്ള സൗകര്യം ഒരുക്കുമെന്നും എയര്‍ ഇന്ത്യയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

സംഭവത്തിൽ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണ ഉത്തരവിറക്കിയിട്ടുണ്ട്. ഷാര്‍ജയിലേക്ക് പുറപ്പെട്ട AXB613 വിമാനമാണ് ഏവരേയും ആശങ്കയിലാഴ്ത്തിയത്. ബോയിംഗ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്നാണിത്. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഏറെ ആശങ്കകള്‍ക്കൊടുവില്‍ രാത്രി എട്ടേ പത്തോടെയാണ് വിമാനം സുരക്ഷിതമായി ട്രിച്ചി വിമാനത്താവളത്തില്‍ ഇറക്കിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരില്‍ തിരുവനന്തപുരം വിമാനത്താവളത്തിലും സമാനസാഹചര്യം ഉണ്ടായിരുന്നു. അന്ന് കോഴിക്കോട് നിന്ന് ദമാമിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനമാണ് യന്ത്രതകരാറിനെത്തുടര്‍ന്ന് യാത്രാമധ്യേ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കിയത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *