ഇത് നാട്ടിൻപുറത്തെ ക്രിക്കറ്റ് മത്സരമല്ല; സിക്സടിച്ചപ്പോൾ കാണാതെ പോയ പന്ത് തിരഞ്ഞ് ഓസീസ് താരം നേഥൻ ലയണും സംഘവും
പെർത്ത്∙ ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റർ സിക്സടിച്ച് ‘കാട്ടിൽ കളഞ്ഞ’ പന്തിനായി തിരയുന്ന ഓസ്ട്രേലിയൻ താരങ്ങളുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ. ഓസ്ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ ഉൾപ്പെടെയുള്ളവരാണ് പന്ത് കണ്ടെടുക്കാനായി പുല്ലുകൾക്കും ചെടികൾക്കുമിടയിൽ തിരഞ്ഞത്. നമ്മുടെ നാട്ടിൻപുറങ്ങളിലെ ഈ പതിവു കാഴ്ച ഓസ്ട്രേലിയയിലെ സുപ്രധാന ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ഷെഫീൽഡ് ഷീൽഡിനിടെയാണെന്നതാണ് കൗതുകകരം.നഷ്ടമായ പന്തു തിരയുമ്പോൾ മുൻപു കളഞ്ഞുപോയ പന്ത് കിട്ടുന്ന നാട്ടിൻപുറങ്ങളിലെ അനുഭവം പോലൊന്ന് ഇവിടെയുമുണ്ടായി.നേഥൻ ലയൺ തിരഞ്ഞ് കണ്ടുപിടിച്ച പന്താണ് മുൻപ് കളഞ്ഞുപോയതാണെന്ന് വ്യക്തമായത്.
ഷെഫീൽഡ് ഷീൽഡിൽ ന്യൂസൗത്ത് വെയിൽസും സൗത്ത് ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിനിടെയാണ്, ഒരു ബാറ്റർ അടിച്ച പടുകൂറ്റൻ സിക്സിനെത്തുടർന്ന് പന്ത് കാണാതെ പോയത്. ഏതാണ്ട് 30 ഓവർ പഴക്കം ചെന്ന പന്ത് കണ്ടെത്താനായി നേഥൻ ലയൺ ഉൾപ്പെടെയുള്ളവർ ഇറങ്ങുകയായിരുന്നു.പുല്ലിനിടയിൽ പന്തു തിരയുന്നതിനിടെ നേഥൻ ലയൺ ഒരു വെളുത്ത പന്ത് കണ്ടുപിടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അതും കയ്യിലെടുത്ത് നഷ്ടപ്പെട്ട ചുവന്ന പന്തിനായി ലയണും കൂട്ടരും തിരച്ചിൽ തുടരുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ക്രിക്കറ്റ് ഓസ്ട്രേലിയയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.ഇതോടെയാണ് സംഭവം ആരാധകർ ഏറ്റെടുത്തത്. നാട്ടിൻപുറത്തെ ക്രിക്കറ്റ് മൈതാനങ്ങളിൽ കാണുന്നതുപോലെ, കാണാതെ പോയ പന്തിനായി രാജ്യാന്തര താരങ്ങൾ ഉൾപ്പെടെയുള്ളവർ തിരയുന്നതിന് ആരാധകർ രസകരമായ കമന്റുകളാണ് നൽകിയത്. എന്തായാലും ലയൺ ഉൾപ്പെടെയുള്ള താരങ്ങളും ഗ്രൗണ്ട് സ്റ്റാഫും ചേർന്നു നടത്തിയ കടുത്ത തിരച്ചിലിനൊടുവിൽ പന്ത് കണ്ടെത്തി.