മദ്യപാന വിഡിയോ പുറത്ത്; എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് തെറിച്ചു

0

തിരുവനന്തപുരം∙  മദ്യപാന വിഡിയോ പുറത്തായ സംഭവത്തിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയേറ്റ് അംഗത്തെയും സ്ഥാനങ്ങളിൽ നിന്ന് നീക്കി. ഇരുവരെയും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് നന്ദൻ മധുസൂദനനും സെക്രട്ടേറിയറ്റ് അംഗം സ‍ഞ്ജയ് സുരേഷിനും എതിരെയാണ് നടപടി. സഞ്ജയ് എസ്എഫ്ഐയുടെ വഞ്ചിയൂർ ഏരിയാ കമ്മിറ്റി  സെക്രട്ടറി കൂടിയാണ്. സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾ പങ്കെടുത്ത എസ്എഫ്ഐയുടെ ജില്ലാ സെക്രട്ടേറിയറ്റ് ഫ്രാക്ഷൻ യോഗത്തിലാണ് തീരുമാനം.

ജില്ലാ സെക്രട്ടറി വി.ജോയ്, മുതിർന്ന നേതാക്കളായ ഡി.കെ.മുരളി, സി. ജയൻബാബു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ പ്രസിഡന്റിന്റെ ചുമതല മംഗലപുരത്ത് നിന്നുള്ള ജയകൃഷ്ണന് നൽകാൻ തീരുമാനമായി. മദ്യപാന വിഡിയോ എതിർ വിദ്യാർഥി സംഘടനകൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. കോളജ് യൂണിയൻ തിര‍ഞ്ഞെടുപ്പുകളിൽ ഇത് തിരിച്ചടിയാകുമെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന എസ്എഫ്ഐയുടെ കോളജ് യൂണിയൻ കമ്മിറ്റികളിൽ നേതാക്കളുടെ മദ്യപാനത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *