NWA വാർഷികവും ഓണാഘോഷവും നടന്നു. പ്രൗഢ ഗംഭീരം
ഡോംബിവ്‌ലി: നായർ വെൽഫെയർ അസ്സോസിയേഷൻ്റെ മുപ്പത്തിയാറാമത് വാർഷികവും ഓണവും ഡോംമ്പിവലി ഈസ്റ്റിലെ വരദ് സിദ്ധിവിനായക് സേവാ മണ്ഡൽ ഹാളിൽ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. സംഘടനയുടെ പ്രസിഡണ്ട് കെ.വേണുഗോപാൽ അധ്യക്ഷതവഹിച്ച സാംസ്കാരിക സമ്മേളനത്തിൽ സംസ്ഥാന പൊതുമരാമത്തുവകുപ്പു മന്ത്രിയും ഡോംബിവ്‌ലി എംഎൽഎയുമായ രവീന്ദ്ര ചവാൻ മുഖ്യാതിഥിയായിരുന്നു. മുംബൈ ഹൈക്കോടതി അഭിഭാഷകനും, അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനായ അഡ്വ. കെ.പി പുരുഷോത്തമൻ നായർ, അധ്യാപകനും, പ്രശസ്തത കവിയുമായ മണ്ണാറശാല സുരേഷ് എന്നിവർ വിശിഷ്ടാതിഥികളായിപങ്കെടുത്തു.
മുംബൈയിലെ ലോക്കൽ ട്രയിനുകളിൽ യാത്രചെയ്യുന്ന മുതിർന്ന പൗരന്മാർക്ക് വേണ്ടി പ്രത്യേക കമ്പാർട്ട്‌മെന്റ് വേണമെന്ന ആവശ്യം കോടതിയിലെത്തിക്കുകയുംഅതിനുവേണ്ടി വാദിച്ച് അനുമതി നേടിയെടുക്കുകയും ചെയ്‌ത വിശിഷ്ടാതിഥി അഡ്വ.കെപി. പുരുഷോത്തമൻ നായരെ ചടങ്ങിൽ ജനറൽ സെക്രട്ടറി മധുബാലകൃഷ്ണൻ അനുമോദിക്കുകയും ആദരിക്കുകയും ചെയ്‌തു.
ആഘോഷ വേദിയിൽ സംഘടനയുടെ കലാവിഭാഗം ഒരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികളും വിവിധ കലാസാംസ്കാരിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും, 2023-24 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങളുടെ വിതരണവുംനടന്നു . ഓണസദ്യയും ഉണ്ടായിരുന്നു.