ഒമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രിയാകും; നാഷനൽ കോൺഫറൻസിന് 4 സ്വതന്ത്രരുടെ പിന്തുണകൂടി
ശ്രീനഗർ∙ ഒമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രിയാകും. നാഷനൽ കോൺഫറൻസ് പാർട്ടിയുടെ നിയമസഭാ യോഗത്തിനുശേഷം പാർട്ടി അധ്യക്ഷൻ ഫറൂഖ് അബ്ദുല്ലയാണ് പ്രഖ്യാപനം നടത്തിയത്. യോഗത്തിൽ ഐക്യകണ്ഠേനയാണ് ഒമറിനെ തിരഞ്ഞെടുത്തത്. ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശമായ ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയാവുകയാണ് ഒമർ. നാളെ ഗവർണർക്ക് ഇതുസംബന്ധിച്ചു കത്തുനൽകും.സഖ്യകക്ഷിയായ കോൺഗ്രസിന്റെ മന്ത്രിസഭയിലെ പങ്കാളിത്തം, മന്ത്രിസഭയിൽ എത്ര മന്ത്രിമാർ ഉണ്ടാകും, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് നേതാക്കളാരെങ്കിലും എത്തുമോ തുടങ്ങിയ കാര്യങ്ങളിൽ ചർച്ച നടക്കുകയാണ്. സത്യപ്രതിജ്ഞ എന്നാണെന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല.അതിനിടെ, നാലു സ്വതന്ത്രരുടെ പിന്തുണ കൂടി ലഭിച്ചതോടെ നാഷനൽ കോൺഫറൻസ് കേവലഭൂരിപക്ഷം നേടി. ഇതോടെ കോൺഗ്രസ് പിന്തുണയില്ലെങ്കിലും ഭരിക്കാവുന്ന നിലയിലാണ് നാഷനൽ കോൺഫറൻസ്. ആകെ അംഗബലം 46 ആയി. ലഫ്. ഗവർണർ മനോജ് സിൻഹ നാമനിർദേശം ചെയ്ത അഞ്ചുപേർ ഈ പട്ടികയിൽപ്പെടില്ല. ഇങ്ങനെ നാമനിർദേശം ചെയ്യപ്പെടുന്നവരുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.