ചൊക്രമുടി കയ്യേറ്റം: ആരോപണം ഉന്നയിച്ച സിപിഐ നേതാവിനെ പുറത്താക്കി
രാജകുമാരി ∙ ദേവികുളം താലൂക്കിലെ ബൈസൺവാലി വില്ലേജിലുൾപ്പെടുന്ന ചൊക്രമുടിയിൽ ഭൂമികയ്യേറ്റവും അനധികൃത നിർമാണവും നടന്ന സംഭവത്തിൽ ആരോപണം ഉന്നയിച്ച സിപിഐ ഇടുക്കി ജില്ലാ കൗൺസിൽ അംഗം വിനു സ്കറിയയെ പാർട്ടിയിൽനിന്ന് പുറത്താക്കി. കയ്യേറ്റത്തിൽ ജില്ലാ സെക്രട്ടറിക്കും റവന്യൂ വകുപ്പിനും പങ്കുണ്ടെന്ന് ആരോപിച്ചതിനാണ് നടപടി.ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും ഭൂമി തിരിച്ചുപിടിക്കാനും റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടിരുന്നു. ബൈസൺവാലി വില്ലേജ് ഓഫിസർ, ദേവികുളം തഹസിൽദാർ, ചാർജ് ഓഫിസറായ ഡപ്യൂട്ടി തഹസിൽദാർ, ബൈസൺവാലി വില്ലേജിന്റെ ചുമതലയുള്ള താലൂക്ക് സർവേയർ എന്നിവരെ സർവീസിൽനിന്നു മാറ്റിനിർത്തി അച്ചടക്ക നടപടിയെടുക്കണമെന്നായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്.ചൊക്രമുടിയിലെ ഭൂമികയ്യേറ്റം, അനധികൃത നിർമാണം എന്നിവയിൽ അന്വേഷണം നടത്താൻ റവന്യു വകുപ്പ് ചുമതലപ്പെടുത്തിയ ദേവികുളം സബ് കലക്ടർ വി.എം.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം 2നു കലക്ടർക്കു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നു കലക്ടർ റവന്യു വകുപ്പിനു റിപ്പോർട്ട് നൽകി. പിന്നീടു ലാൻഡ് റവന്യു കമ്മിഷണർ 5നു റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണു വില്ലേജ് ഓഫിസർ, തഹസിൽദാർ, ഡപ്യൂട്ടി തഹസിൽദാർ, താലൂക്ക് സർവേയർ എന്നിവർക്കെതിരെ നടപടി എടുത്തത്.