ഗവർണറുടേത് വിലകുറഞ്ഞ നടപടി, പദാനുപദം മറുപടി പറയേണ്ട കാര്യമില്ല: വിമർശിച്ച് ഗോവിന്ദൻ
തിരുവനന്തപുരം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗവർണർ പറയുന്ന കാര്യങ്ങൾക്ക് അടിസ്ഥാനമില്ലെന്നു പറഞ്ഞ അദ്ദേഹം വിലകുറഞ്ഞ രീതിയാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തി.‘‘ഗവർണർ പറയുന്ന പദാനുപദത്തിന് മറുപടി പറയേണ്ട കാര്യമില്ല. അദ്ദേഹം ഇതിനേക്കാൾ വലിയ വെല്ലുവിളി ഇതിനു മുൻപും കേരളത്തിലെ ജനങ്ങളോട് നടത്തിയിട്ടുണ്ട്. അതുപോലുള്ള വെല്ലുവിളിയായി മാത്രം ഇതിനെ കണ്ടാൽ മതി. ഭരണഘടനാപരമായി പ്രവർത്തിക്കുന്ന ഉത്തരവാദിത്തമുള്ള ആളാണ് ഗവർണർ. ആ ഉത്തരവാദിത്തം പലപ്പോഴും നിർവഹിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.
സർവകലാശാല പ്രശ്നത്തിൽ നാം അത് കണ്ടതാണ്. എന്തിന് ആ സ്ഥാനത്ത് ഇരിക്കുന്നു എന്ന് ചിന്തിക്കണം. വസ്തുതകൾ പുറത്തുവന്നിട്ടും അതൊന്നും എനിക്ക് ബാധകമല്ല എന്ന മട്ടിലുള്ള അദ്ദേഹത്തിന്റെ നടപടി വിലകുറഞ്ഞ രീതിയാണ്. ഗവർണറുടെ നീക്കത്തെ വെല്ലുവിളിയായി കാണുന്നില്ല.-’’ ഗോവിന്ദൻ പറഞ്ഞു.ഗവർണർ നിലപാട് കടുപ്പിക്കുകയാണെങ്കിൽ മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ച് മറുപടി നൽകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് താൻ മറുപടി നൽകിയില്ലേ എന്നായിരുന്നു ഉത്തരം.