ഭാരതത്തിന്റെ വ്യവസായ ഭീഷ്മാചാര്യർ; സാധാരണക്കാർക്കൊപ്പം എന്നും എപ്പോഴും
ഇന്ത്യയിൽ ഏതു കോണിലും ഏതു വീട്ടിലും ഒരു ടാറ്റ ഉൽപന്നമെങ്കിലും കാണും. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ടാറ്റ ഉൽപന്നം ഉപയോഗിക്കാത്തവർ ഇന്ത്യയിലുണ്ടാവില്ലെന്നു തന്നെ പറയാം. ഉപ്പു തൊട്ട് സോഫ്റ്റ്‍വെയർ വരെ, ഉടുപ്പു തൊട്ട് വിമാനവും ആഡംബര കാറുകളും വരെ. ടാറ്റാ ഗ്രൂപ്പ് മുദ്ര പതിപ്പിക്കാത്ത മേഖലകളില്ല. ആറ് ഭൂഖണ്ഡങ്ങളിലായി 100ലേറെ രാജ്യങ്ങളിലും സാന്നിധ്യം. ടാറ്റാ ഗ്രൂപ്പ് എന്ന ഇന്ത്യയിലെ ഏറ്റവും വമ്പൻ ബിസിനസ് സാമ്രാജ്യത്തെ ഈ മികവുകളിലേക്ക് ഉയർത്തിയതിന് പിന്നിലെ സുപ്രധാന വ്യക്തിത്വം, സാക്ഷാൽ രത്തൻ ടാറ്റ.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വ്യാവസായിക, വാണിജ്യ മേഖലയുടെ വളർച്ചയിൽ ടാറ്റാ ഗ്രൂപ്പ് ഒരു നെടുംതൂൺ തന്നെയാണെന്നതിൽ ആർക്കും സംശയമുണ്ടാകില്ല. രാജ്യാന്തരതലത്തിൽ കെമിക്കൽ, വാഹനം, ഹോസ്പിറ്റാലിറ്റി, വ്യോമയാനം എന്നിങ്ങനെ ഏത് രംഗത്തും ഇന്ത്യയുടെ യശസ്സ് ഉയർത്തുന്നതിൽ എന്നും മുൻനിരയിലുള്ള പ്രസ്ഥാനവുമാണ് ടാറ്റാ ഗ്രൂപ്പ്. 1991ൽ ജഹാംഗീർ രത്തൻജി ദാദോഭോയ് ടാറ്റ എന്ന ജെ.ആർ.ഡി ടാറ്റയുടെ പിൻഗാമിയായി ടാറ്റാ ഗ്രൂപ്പിന്റെ അഞ്ചാമത്തെ ചെയർമാൻ പദവിയിലെത്തിയ രത്തൻ ടാറ്റ, ടാറ്റാ ഗ്രൂപ്പിനെ കൈപിടിച്ചുയർത്തിയത് നിരവധി നാഴികക്കല്ലുകളിലേക്കായിരുന്നു.
ഇപ്പോൾ, 86-ാം വയസ്സിൽ രത്തൻ ടാറ്റ തിരശ്ശീലയ്ക്ക് പിന്നിലേക്കു മറയുമ്പോൾ ഓർമയാകുന്നത് വ്യാവസായരംഗത്തെ ഭീഷ്മാചാര്യർ കൂടിയാണ്. അദ്ദേഹം ചെയർമാനായ ശേഷം ടാറ്റാ ഗ്രൂപ്പിന്റെ വരുമാനത്തിലുണ്ടായ വളർച്ച 40 മടങ്ങാണ്. ലാഭം 50 മടങ്ങും ഉയർന്നു. ചെയർമാൻ സ്ഥാനമേറ്റ രത്തൻ ടാറ്റ, ടാറ്റാ ഗ്രൂപ്പിനെ അടിമുടി പരിഷ്കരിക്കുകയായിരുന്നു. അതാകട്ടെ, ടാറ്റയെ ആഗോള ബ്രാൻഡാക്കി ഉയർത്തുകയും ചെയ്തതിന് കാലം സാക്ഷി.
ഉദാരവൽക്കരണത്തിന്റെ നിഴലിൽ ഉയർന്ന വ്യവസായ സാമ്രാജ്യം
ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ ആഗോളവൽക്കരണം (ഗ്ലോബലൈസേഷൻ), ഉദാരവൽക്കരണം (ലിബറലൈസേഷൻ), സ്വകാര്യവൽക്കരണം (പ്രൈവറ്റൈസേഷൻ) എന്നിവയിലൂടെ വിപ്ലവകരമായ മാറ്റത്തിലേക്ക് പ്രവേശിച്ച വേളയിലായിരുന്നു ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാനായി രത്തൻ ടാറ്റയുടെ രംഗപ്രവേശവും. സാഹചര്യം പരമാവധി അനുകൂലമാക്കാൻ രത്തൻ ടാറ്റ ശ്രമിച്ചു. ടാറ്റാ ഗ്രൂപ്പിനെ അടിമുടി പരിഷ്കരിക്കാൻ നടപടികളെടുത്തു. അദ്ദേഹത്തിന് കീഴിൽ ടാറ്റാ ഗ്രൂപ്പ് നിരവധി കമ്പനികളെ ഏറ്റെടുക്കുകയും അതുവഴി പുതുപുത്തൻ മേഖലകളിലേക്ക് ചുവടുവയ്ക്കുകയും ചെയ്തു. ബ്രിട്ടിഷ് കമ്പനികളെയടക്കം ഏറ്റെടുത്തു എന്നത്, ഇന്ത്യയെ ഏറെക്കാലം കോളനിയാക്കി ഭരിച്ച ബ്രിട്ടനോടുള്ള മധുര പ്രതികാരങ്ങളിലൊന്ന് കൂടിയായി.
രത്തൻ ടാറ്റയ്ക്ക് കീഴിൽ വെറും 9 വർഷത്തിനിടെ 36 ഓളം കമ്പനികളെയാണ് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത്. 2000ൽ ബ്രിട്ടിഷ് കമ്പനിയായ ടെറ്റ്ലിയെ 431.3 മില്യൻ ഡോളറിന് ഏറ്റെടുക്കുക വഴി തേയില മേഖലയിലും ടാറ്റ നിർണായക സാന്നിധ്യമായി. 11.3 ബില്യൻ ഡോളറിന് കോറസ് സ്റ്റീൽ കമ്പനിയെ ഏറ്റെടുത്തത് 2007ൽ.
ഏറ്റവും ശ്രദ്ധേയമായ ഏറ്റെടുക്കൽ 2008ൽ ആയിരുന്നു; സാക്ഷാൽ ഫോഡ് മോട്ടോഴ്സിൽനിന്ന് വിഖ്യാത ബ്രിട്ടിഷ് വാഹന ബ്രാൻഡായ ജാഗ്വർ ലാൻഡ് റോവറിനെ (ജെഎൽആർ) 2.3 ബില്യൻ ഡോളറിന് ടാറ്റ സ്വന്തമാക്കി. അന്ന് പലരും മൂക്കത്ത് വിരൽവച്ചു. ജെഎൽആർ പോലൊരു അത്യാഡംബര ബ്രാൻഡിനെ ടാറ്റ ഏറ്റെടുത്തത് ഉചിതമായോ എന്ന് പലരും ചോദിച്ചു. ടാറ്റാ മോട്ടോഴ്സിന്റെ ഓഹരികളെപ്പോലും വിമർശനങ്ങൾ തളർത്തി. പക്ഷേ ടാറ്റാ ഗ്രൂപ്പും രത്തൻ ടാറ്റയും തളർന്നില്ല. ജെഎൽആറിനെ ഇന്ത്യയിലെത്തിച്ച രത്തൻ ടാറ്റ, ഇവിടെത്തന്നെ നിർമാണവും ആരംഭിച്ചതോടെ, കുറഞ്ഞ ഉൽപാദനച്ചെലവിൽ വാഹനങ്ങൾ വിപണിയിലെത്തിക്കാൻ സാധിച്ചു. വൈകാതെ ഇന്ത്യയിലും ജാഗ്വർ, ലാൻഡ് റോവർ ബ്രാൻഡ് കാറുകൾ നിത്യകാഴ്ചയായി. ആഗോളതലത്തിലും ജെഎൽആർ വൻ നേട്ടം കൊയ്യാൻ തുടങ്ങി. നിലവിൽ ടാറ്റയ്ക്ക് മികച്ച വരുമാനവും ലാഭവും നേടിക്കൊടുക്കുന്ന ഒരു ബ്രാൻഡ് കൂടിയാണ് ജെഎൽആർ.
സാധാരണക്കാർക്കൊപ്പം എന്നും എപ്പോഴും
സൗമ്യനായി മാത്രമേ എന്നും രത്തൻ ടാറ്റയെ ഏവരും കണ്ടിട്ടുള്ളൂ. വിവാദങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം അപൂർവങ്ങളിൽ അപൂർവം. വ്യവസായി എന്നതിനപ്പുറം തികഞ്ഞ മനുഷ്യസ്നേഹിയും മൃഗസ്നേഹിയും. ഇന്ത്യയിലെ വമ്പൻ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനെങ്കിലും എന്നും ലളിതമായ ജീവിതം നയിക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചിട്ടുള്ളതും. തന്റെ ഈ ശൈലി, ടാറ്റാ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിലും നടപ്പാക്കാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ജീവിത ഉന്നമനം ഉറപ്പാക്കുന്ന ഉൽപന്നങ്ങൾ ടാറ്റയിൽ നിന്നുണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ടാറ്റാ ഗ്രൂപ്പ് ഓരോ പുതിയ മേഖലയിലേക്കും ചുവടുവച്ചതും ഇതിന്റെ ഭാഗമായാണ്.
2008 ലാണ് ടാറ്റാ മോട്ടോഴ്സ് നാനോ എന്ന ഇത്തിരിക്കുഞ്ഞൻ കാർ വിപണിയിലിറക്കുന്നത്. അത് രത്തൻ ടാറ്റയുടെ ആശയവുമായിരുന്നു. സ്വന്തമായൊരു കാർ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സാധാരണക്കാരനും കഴിയണമെന്ന് അദ്ദേഹം ആശിച്ചു. ഒരുലക്ഷം രൂപ വിലയ്ക്ക് വിപണിയിലെത്തിയ നാനോ, അതിവേഗമാണ് വിറ്റഴിഞ്ഞത്. ഇന്നും നിരത്തുകളിൽ നാനോ കാറുകൾ കാണാം.
ടാറ്റാ ഇൻഡിക്കയും വാഹന പ്രേമവും
ഓട്ടമൊബീൽ എന്നും രത്തൻ ടാറ്റയുടെ ഇഷ്ട വിഷയമാണ്. ജെഎൽആറിനെ ഏറ്റെടുത്തതൊക്കെ ആ ഇഷ്ടത്തിന്റെ ഭാഗവുമായിരുന്നു. എന്നാൽ, അദ്ദേഹത്തിന് കീഴിൽ ടാറ്റയിൽനിന്ന് പിറന്ന മറ്റൊരു സൂപ്പർ താരമുണ്ട് – ടാറ്റ ഇൻഡിക്ക. 1998ലാണ് ടാറ്റ ഇൻഡിക്ക വിപണിയിലെത്തുന്നത്. ഇന്ത്യയിൽ തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമിച്ച ആദ്യ പാസഞ്ചർ വാഹനമെന്ന പെരുമയോടെയായിരുന്നു ഇൻഡിക്കയുടെ വരവ്. വിപണിയിലെത്തി ശരവേഗത്തിൽ ഇൻഡിക്ക സ്വന്തമാക്കിയത് 1.25 ലക്ഷത്തോളം ബുക്കിങ്. ആദ്യമാസം തന്നെ വിപണിവിഹിതം 14 ശതമാനത്തോളവും കൂടെപ്പോന്നു. ഇൻഡിക്ക വൻ ഹിറ്റായതോടെ, മാരുതിക്ക് സ്വന്തം കാറുകളുടെ വില വെട്ടിക്കുറയ്ക്കേണ്ട സ്ഥിതിയുമുണ്ടായി.
രത്തൻ ടാറ്റയും നാഴികക്കല്ലുകളും
ജെആർഡി ടാറ്റയുടെ പിൻഗാമിയായി 1991ൽ രത്തൻ ടാറ്റ, ടാറ്റാ ഗ്രൂപ്പിന്റെ പ്രമോട്ടർ കമ്പനിയായ ടാറ്റാ സൺസിന്റെയും ടാറ്റാ ട്രസ്റ്റുകളുടെയും ചെയർമാനായി. 2012 ൽ 75-ാം വയസ്സിൽ വിരമിക്കുന്നതുവരെ ആ പദവി വഹിച്ചു. അദ്ദേഹത്തിന്റെ കീഴിലാണ് ടാറ്റാ ഗ്രൂപ്പ് 2011–12ൽ 100 ബില്യൻ ഡോളർ വരുമാനമുള്ള ഗ്രൂപ്പ് എന്ന നേട്ടം കൈവരിച്ചത്. ടിസിഎസ്, ടാറ്റാ മോട്ടോഴ്സ് തുടങ്ങി 29 ലിസ്റ്റഡ് കമ്പനികൾ (ഓഹരി വിപണിയിൽ വ്യാപാരം ചെയ്യുന്നവ) ടാറ്റാ ഗ്രൂപ്പിന് കീഴിലുണ്ട്. ഏകദേശം 25 ലക്ഷം കോടി രൂപയാണ് ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ സംയോജിത വിപണിമൂല്യം. ഇതുപ്രകാരം, ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുമാണ് ടാറ്റ. എട്ടുലക്ഷത്തോളം ജീവനക്കാരാണ് ടാറ്റാ ഗ്രൂപ്പിൽ ജോലി ചെയ്യുന്നത്.
രത്തൻ ടാറ്റയുടെ കീഴിലാണ് ടാറ്റാ ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി, കെമിക്കൽ, കമ്യൂണിക്കേഷൻ നെറ്റ്‍വർക്സ്, ടെലികോം, എനർജി ബിസിനസുകളിലേക്കും കടന്നത്. 1996ൽ ടാറ്റ ടെലിസർവീസസിലൂടെ ടെലികോം മേഖലയിലേക്ക് പ്രവേശനം. 2001ൽ അമേരിക്കൻ ഇന്റർനാഷനൽ ഗ്രൂപ്പുമായി (എഐജി) ചേർന്ന് ടാറ്റ എഐജി എന്ന ഇൻഷുറൻസ് രംഗത്തെ സംയുക്ത കമ്പനിക്ക് തുടക്കമിട്ടു. പൊതുമേഖലാ സ്ഥാപനമായ വിദേശ് സഞ്ചാർ നിഗം ലിമിറ്റഡിനെ (വിഎസ്എൻഎൽ) ഏറ്റെടുത്തത് 2002ൽ; അത് പിന്നീട് ടാറ്റാ കമ്യൂണിക്കേഷൻസ് ആയി.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി/സോഫ്റ്റ്‍വെയർ കമ്പനിയായ ടാറ്റ കൺസൽറ്റൻസി സർവീസസ് അഥവാ ടിസിഎസ്, രാജ്യത്തെ ആദ്യ 100 കോടി ഡോളർ വരുമാനമുള്ള കമ്പനിയായത് 2003 ലായിരുന്നു. 2004ൽ ടിസിഎസ് 120 കോടി ഡോളറിന്റെ ഐപിഒയും (പ്രാരംഭ ഓഹരി വിൽപന) നടത്തി. ഇന്ത്യയിൽ അന്നുവരെയുള്ളതിൽ വച്ച് ഏറ്റവും വമ്പൻ ഐപിഒ ആയിരുന്നു അത്. 2004ലാണ് വാഹന കമ്പനിയായ ദേയ്‍വൂ മോട്ടോഴ്സിനെ ഏറ്റെടുത്തത്.
2006ൽ ടാറ്റ സ്കൈ ആരംഭിച്ചു. വിവിധ ബ്രാൻഡുകളുടെ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ ഒറ്റക്കുടക്കീഴിൽ വാങ്ങാവുന്ന ക്രോമ സ്റ്റോർ ശൃംഖല ആരംഭിച്ചതും 2006ൽ. 2008ൽ ടാറ്റാ നാനോ വിപണിയിൽ. അതേവർഷം ജെഎൽആറിനെ ഏറ്റെടുത്തു. 2009ലാണ് ടാറ്റാ ഡോകോമോ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.
രത്തൻ ടാറ്റയുടെ കുട്ടിക്കാലവും പഠനവും
1937 ഡിസംബർ 28നാണ് രത്തൻ ടാറ്റയുടെ ജനനം. അച്ഛൻ നവൽ ടാറ്റ. അമ്മ സൂനി ടാറ്റ. രത്തന്റെ 10-ാം വയസ്സിൽ അച്ഛനും അമ്മയും വേർപിരിഞ്ഞു. അത് രത്തനെ വല്ലാതെ ദുഃഖത്തിലാഴ്ത്തി. എന്നാൽ ജീവിതത്തിലുടനീളം സൗമ്യതയും സ്നേഹവും അനുകമ്പയും മുറുകെപ്പിടിക്കാൻ അദ്ദേഹത്തെ സഹായിച്ചതും കുട്ടിക്കാലത്തെ ആ അനുഭവങ്ങളായിരുന്നു. മുത്തശ്ശി നവജ്ഭായ് ടാറ്റയാണ് രത്തനെ വളർത്തിയത്.
എട്ടാംക്ലാസ് വരെ രത്തൻ മുംബൈയിലെ കാംപിയൻ സ്കൂളിൽ പഠിച്ചു. തുടർന്ന് മുംബൈയിലെ കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളിലും ഷിംലയിലെ ബിഷപ് കോട്ടൺ സ്കൂളിലും വിദ്യാഭ്യാസം. പിന്നീട് കോർണൽ സർവകലാശാലയിൽ നിന്ന് ആർക്കിടെക്ചർ ആൻഡ് സ്ട്രക്ചറൽ എൻജിനിയറിങ് ബിരുദം നേടി. ലൊസഞ്ചലസിൽ ജോൺസ് ആൻഡ് എമ്മോസ് എന്ന കമ്പനിയിൽ കുറച്ചുകാലം ജോലി ചെയ്തു. ഐബിഎമ്മിൽ നിന്ന് ജോലി വാഗ്ദാനം ലഭിച്ചെങ്കിലും സ്വീകരിച്ചില്ല. 1962ൽ ഇന്ത്യയിലേക്ക് മടങ്ങി. കുടുംബ സംരംഭമായ ടാറ്റാ ഗ്രൂപ്പിൽ അതേവർഷം ജോലിക്ക് ചേർന്നു.
താഴേക്കിടയിൽ നിന്ന് തലപ്പത്തേക്ക്
ടാറ്റാ ഗ്രൂപ്പിലെ വിവിധ കമ്പനികളിൽ ഏറ്റവും താഴ്ന്ന തസ്തികകളിൽ ജോലി ചെയ്താണ് രത്തൻ ടാറ്റ, ടാറ്റാ ഗ്രൂപ്പിലെ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ജംഷെഡ്പുരിലെ ടാറ്റാ സ്റ്റീൽ ഡിവിഷനിലും ടാറ്റാ മോട്ടോഴ്സിലും (അന്നു പേര് ടെൽകോ) അടക്കം ജോലി ചെയ്തു. 1971ൽ നാഷനൽ റേഡിയോ ആൻഡ് ഇലക്ട്രോണിക്സിൽ (നെൽകോ) ഡയറക്ടർ ആയി. 9 വർഷം അപ്രന്റിസ് ആയി പ്രവർത്തിച്ചശേഷമാണ് ഡയറക്ടർ പദവിയിലെത്തിയത്. 1975ൽ ഹാർവഡ് ബിസിനസ് സ്കൂളിൽ നിന്ന് അദ്ദേഹം അഡ്വാൻസ്ഡ് മനേജ്മെന്റ് പ്രോഗ്രാം കോഴ്സും പൂർത്തിയാക്കിയിരുന്നു.
മനുഷ്യസ്നേഹി, നിക്ഷേപകൻ
വ്യവസായ പ്രമുഖൻ എന്നതുമാത്രമല്ല, തികഞ്ഞ മനുഷ്യസ്നേഹി എന്ന വിശേഷണം കൂടി രത്തൻ ടാറ്റയ്ക്കുണ്ട്. ആഗോളതലത്തിൽത്തന്നെ ആദരിക്കപ്പെടുന്ന വ്യക്തിത്വമായ രത്തൻ ടാറ്റ സ്വജീവിതം ടാറ്റാ ഗ്രൂപ്പിനും മാനവക്ഷേമത്തിനും വേണ്ടിയാണ് മാറ്റിവച്ചത്. തന്റെയും ടാറ്റാ ഗ്രൂപ്പിന്റെയും സമ്പത്തിൽ വലിയൊരു വിഹിതം തന്നെ മാനവക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയ്ക്കായി അദ്ദേഹം മാറ്റിവച്ചു. കോവിഡ് കാലത്ത് 500 കോടി രൂപയാണ് അദ്ദേഹം സംഭാവന ചെയ്തത്. ഹാർവഡ് യൂണിവേഴ്സിറ്റിക്കും ഇന്ത്യയിൽ ഐഐഎം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അദ്ദേഹം സഹായം നൽകി. ഇന്ത്യൻ വിദ്യാർഥികൾക്ക് വിദേശത്ത് സ്കോളർഷിപ്പോടെ പഠിക്കാനും അവസരമൊരുക്കുന്നു.
മുംബൈയിൽ ഭീകരാക്രമണം നടന്നപ്പോൾ (26/11) താജ് പബ്ലിക് വെൽഫെയർ ട്രസ്റ്റ് രൂപീകരിച്ച്, സന്നദ്ധ സേവനത്തിനായി അദ്ദേഹം മുന്നിലുണ്ടായിരുന്നു. 1.2 കോടിയോളം പേർ എക്സിൽ രത്തൻ ടാറ്റയെ ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ബിസിനസ് വ്യക്തിത്വവും രത്തൻ ടാറ്റയാണ്.വളർന്നുവരുന്ന പുതിയ സംരംഭങ്ങൾക്കും (സ്റ്റാർട്ടപ്പുകൾ) മൂലധന പിന്തുണയുമായി പ്രോത്സാഹിപ്പിക്കാൻ രത്തൻ ടാറ്റ മുന്നിലുണ്ട്. 50ഓളം കമ്പനികളിൽ അദ്ദേഹം വ്യക്തിഗത നിക്ഷേപം നടത്തിയിട്ടുണ്ട്. ലെൻസ്കാർട്ട്, പേയ്ടിഎം, അപ്സ്റ്റോക്സ്, സ്നാപ്ഡീൽസ്, ഓല ഇലക്ട്രിക്, ടീബോക്സ്, കാഷ്കരോ.കോം, ഡോഗ്സ്പോട്ട്, നെസ്റ്റവേ, ഷഓമി തുടങ്ങിയവ അതിലുൾപ്പെടുന്നു.
രത്തൻ ടാറ്റയുടെ സമ്പത്ത്
ശതകോടീശ്വരൻമാരുടെ പേരുകളുള്ള ബ്ലൂംബെർഗിന്റെയോ ഫോബ്സിന്റെയോ ഹുറൂണിന്റെയോ പട്ടികയിൽ മുൻനിരയിലെങ്ങും രത്തൻ ടാറ്റയെ നമുക്ക് കാണാനാവില്ല. 2021ലെ ഹുറൂൺ പട്ടികയിൽ 3,500 കോടി രൂപയുടെ ആസ്തിയുമായി 433-ാം സ്ഥാനത്തായിരുന്നു രത്തൻ ടാറ്റ. 2022ൽ റാങ്ക് 421ലേക്ക് താഴ്ന്നു. ആസ്തി 3,800 കോടി രൂപ. സമ്പത്തിന്റെ മുന്തിയപങ്കും ചാരിറ്റിക്കായി വിനിയോഗിക്കുന്നതാണ് ഇതിനുകാരണം. ടാറ്റാ സൺസിന്റെ ലാഭത്തിന്റെ 66 ശതമാനവും ചെല്ലുന്നത് മുഖ്യ ഓഹരി ഉടമകളായ ടാറ്റാ ട്രസ്റ്റിലേക്കാണ്. ടാറ്റാ ട്രസ്റ്റാകട്ടെ ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് മുഖ്യ ഊന്നൽ നൽകുന്നതും.
എയർ ഇന്ത്യയെ തിരികെ ടാറ്റ തറവാട്ടിലാക്കി
അമ്മാവൻ ജെആർഡി ടാറ്റ 1932ൽ സ്ഥാപിച്ച ടാറ്റാ എയർലൈൻസിനെ വീണ്ടും ടാറ്റാ തറവാട്ടിലേക്ക് തന്നെ എത്തിച്ചത് രത്തൻ ടാറ്റയാണ്. സ്വാതന്ത്ര്യാനന്തരം ടാറ്റ എയർലൈൻസിനെ കേന്ദ്ര സർക്കാർ ഏറ്റെടുത്ത് ദേശസാൽകരിച്ചിരുന്നു. പേര് എയർ ഇന്ത്യ എന്നുമാക്കി. സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിയ എയർ ഇന്ത്യയെ കേന്ദ്രം വിൽപനയ്ക്ക് വച്ചപ്പോൾ 2022ൽ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തു. 18,000 കോടി രൂപയ്ക്കായിരുന്നു ഏറ്റെടുക്കൽ. ജെആർഡി ടാറ്റയ്ക്കുള്ള രത്തൻ ടാറ്റയുടെ ആദരം കൂടിയായി എയർ ഇന്ത്യയുടെ ടാറ്റാ തറവാട്ടിലേക്കുള്ള മടക്കം. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര, എയർ ഏഷ്യ ഇന്ത്യ എന്നീ വിമാനക്കമ്പനികൾ ടാറ്റയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഇവ ലയനത്തിന്റെ പാതയിലുമാണ്.