മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തിൽ മാപ്പു പറഞ്ഞ് പി.വി.അൻവർ
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് പി.വി.അന്‍വര്‍ എംഎല്‍എ. നിയമസഭാ മന്ദിരത്തിനു മുന്നില്‍ മാധ്യമങ്ങളോടു സംസാരിച്ചപ്പോള്‍ തനിക്കു വലിയ നാക്കുപിഴവു സംഭവിച്ചതാണെന്ന് അന്‍വര്‍ പറഞ്ഞു. ‘‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’ എന്ന മാധ്യമങ്ങളോടു നടത്തിയ പരാമര്‍ശത്തിലാണ് അന്‍വര്‍ മാപ്പു പറഞ്ഞത്. ഫെയ്‌സ്ബുക്കിലാണ് അന്‍വര്‍ ഖേദപ്രകടനം നടത്തിയത്.
അന്‍വറിന്റെ വാക്കുകള്‍
‘നിയമസഭ മന്ദിരത്തിനു മുന്നില്‍ നടത്തിയ പത്രസമ്മേളനത്തില്‍ എനിക്കു വലിയ നാക്കുപിഴ സംഭവിച്ചു. സഭാ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോള്‍ എന്റെ ഓഫിസാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ച് ‘മുഖ്യമന്ത്രി അല്ല മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനായാലും ഞാന്‍ മറുപടി പറയും’ എന്ന പരാമര്‍ശം എന്റെ വായില്‍നിന്നു വീണു പോയി. ഞാന്‍ ഒരിക്കലും ആ രീതിയില്‍ അപ്പന്റെ അപ്പന്‍ എന്നല്ല ഉദ്ദേശിച്ചത്.
എന്നെ കള്ളനാക്കിക്കൊണ്ടു മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തോടു മുഖ്യമന്ത്രിയുടെ മുകളിലുള്ള എത്ര വലിയ ആളാണെങ്കിലും ഞാനതിനു മറുപടി പറയും എന്ന അര്‍ഥത്തിലാണ് അതു പറഞ്ഞത്. വാക്കുകള്‍ അങ്ങനെ ആയിപ്പോയതില്‍ ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബത്തോടും ആ വിഷയത്തില്‍ ഞാന്‍ മാപ്പ് പറയുന്നു’ – പി.വി അന്‍വര്‍ പറഞ്ഞു.