ദീപേഷ് പുണ്ഡലിക് മാത്രേയുടെ കൂറുമാറ്റം : ഡോംബിവ്ലിയിൽ രാഷ്ട്രീയപോരാട്ടം ശക്തമാകും !?
ഡോംബിവ്ലി :ബിജെപി സഖ്യത്തിലുള്ള ശിവസേന(ഷിൻഡെ)യുടെ യുവജനവിഭാഗമായ യുവസേനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന ദീപേഷ് മാത്രേ ഏഴ് മുൻ കോർപ്പറേറ്റർമാരോടൊപ്പം ശിവസേന (യുബിടി)യിൽ ചേർന്നത് ഡോംബിവ്ലിയിലെ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുമെന്ന് ഉറപ്പായിക്കഴിഞ്ഞു .
നവരാത്രി ആശംസകൾ നേർന്നുകൊണ്ട് മന്ത്രി രവീന്ദ്രചവാൻ്റെ പോസ്റ്ററുകൾ പതിപ്പിച്ച ഇടങ്ങളിലെല്ലാം ദീപേഷ് മാത്രയുടേ ഫ്ളക്സുകളും ഉയർന്നു കഴിഞ്ഞിരിക്കുകയാണ്.
സഖ്യപാർട്ടിയുടെ യുവജന നേതാവാണെങ്കിലും കഴിഞ്ഞ കുറച്ചുകാലങ്ങളായി ദീപേഷുമായി ചവാനുണ്ടായിരുന്ന അസ്വാരസ്യങ്ങളാണ് ഇപ്പോൾ മാത്രേയുടെ കൂറുമാറ്റത്തിലൂടെ മറ്റൊരു ദിശയിലേക്ക് വഴിമാറിയിരിക്കുന്നത് .
രവീന്ദ്ര ചവാൻ പ്രതിനിധീകരിക്കുന്ന ഡോംബിവ്ലി നിയമസഭാ മണ്ഡലത്തിൽ ദീപേഷ് മാത്രെയേ സേന (യുബിടി)യുടെ സ്ഥാനാർത്ഥിയാക്കാനാണ് ഉദ്ധവ് താക്കറെയുടെ തീരുമാനം.
അധികാരത്തിനും പണത്തിനും സ്വാർത്ഥ ലാഭത്തിനുംവേണ്ടി ഏകനാഥ് ഷിൻഡെയുടെ സേനയിലേക്ക് കൂറുമാറിയ എംഎൽഎമാരെയും നേതാക്കളെയും തിരിച്ചെടുക്കില്ലെന്നും എന്നാൽ ഷിൻഡെക്കൊപ്പം ചേരാൻ നിർബന്ധിതരായവരെ സ്വാഗതം ചെയ്യുമെന്നും ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു..ദീപേഷ് മാത്രയെപോലുള്ളവർ നിർബന്ധിതരായവർ ആണെന്ന് അദ്ദേഹം വ്യക്തമാക്കി.
.”അധികാരികളെയും പ്രാദേശിക നേതാക്കളെയും തിരികെ കൊണ്ടുവരാൻ ഞാൻ അനുവദിക്കും, എന്നാൽ അധികാരത്തിനും പണത്തിനും വേണ്ടി പാർട്ടിവിട്ട എം.എൽ.എ.മാരെ തിരിച്ചെടുക്കില്ല ”
ബാന്ദ്ര ഈസ്റ്റിലെ വസതിയായ മാതോശ്രീയിൽ അനുയായികൾക്കൊപ്പമെത്തിയ ദീപേഷ് മാത്രയെ പാർട്ടിയിലേക്ക് തിരികെ സ്വീകരിക്കുന്ന വേളയിലാണ് ഉദ്ദവ് താക്കറെ നയം വ്യക്തമാക്കിയത് .
തൻ്റെ സർക്കാരിനെ താഴെയിറക്കിയ വഞ്ചകരെ തിരികെയെടുക്കില്ല , പക്ഷേ പ്രാദേശിക നേതാക്കളെയും ഭാരവാഹികളെയും പാർട്ടി പ്രവർത്തകരെയും യഥാർത്ഥ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യും .
” 2022 ലെ ശിവസേനയിലെ പിളർപ്പിന് ശേഷം, നിരവധി പ്രാദേശിക പാർട്ടി നേതാക്കളും പ്രവർത്തകരും വിവിധ തന്ത്രങ്ങളിൽ കുടുങ്ങി പാർട്ടി വിടാൻ നിർബന്ധിതരായി,” അദ്ദേഹം പറഞ്ഞു. “ഇപ്പോൾ അവരിൽ പലരും യഥാർത്ഥ പാർട്ടിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. ഞാൻ അവരെ തിരികെ സ്വാഗതം ചെയ്യും. എന്നാൽ പണത്തിനും അധികാരത്തിനും വേണ്ടി സർക്കാരിനെ അട്ടിമറിച്ച വിശ്വാസ് വഞ്ചകരോട് തിരിച്ചുവരവ് ഞാൻ ഒരിക്കലും അനുവദിക്കില്ല.”
താക്കറെയും ശിവസേനയും പാർട്ടി സ്ഥാപകൻ ബാലാസാഹെബ് താക്കറെയുടെ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചുവെന്നും ഹിന്ദുത്വത്തിൽ വിട്ടുവീഴ്ച ചെയ്തുവെന്നും എന്നുമുള്ള മറുവിഭാഗം തെറ്റിദ്ധാരണ പരത്തിയാണ് വദീപേഷ് മാത്രെയെപ്പോലെ നിരവധി നേതാക്കൾ പാർട്ടി വിട്ടതെന്ന് താക്കറെ കൂട്ടിച്ചേർത്തു. .
ശിവസേനയുടെയും ഹിന്ദുത്വയുടെയും കോട്ടയായിരുന്നു കല്യാൺ -ഡോംബിവ്ലി. ഒറ്റുകൊടുക്കുന്നവർ ഈ പ്രദേശത്ത് ധാരാളമുണ്ട് , ഇനി നിങ്ങളെപ്പോലുള്ളവർ ചേർന്ന് കാവി പതാകയിൽ ഉണ്ടാക്കിയ കളങ്കം വൃത്തിയാക്കി കല്യാൺ-ഡോംബിവ്ലിയിൽ ഉണ്ടായിരുന്ന പഴയ പ്രതാപത്തിലേക്ക് പാർട്ടിയെ തിരിച്ചുകൊണ്ടുവന്ന് ശിവസേനയുടെ ശക്തികേന്ദ്രമാക്കി ഈ മേഖലയെ മാറ്റണം” അദ്ദേഹം അഭ്യർത്ഥിച്ചു.
“ഡോംബിവ്ലിയിലും കല്യാണിലും പാർട്ടി സംഘടനയ്ക്കായി മാത്രേ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ഈ തീരുമാനം എടുത്തിരുന്നെങ്കിൽ ഞങ്ങളുടെ പാർട്ടിക്ക് ഡോംബിവ്ലി എംപിയുടെ ഭീകരവാഴ്ച അവസാനിപ്പിക്കാൻ സാധിക്കുമായിരുന്നു “ഉദ്ധവ് പറഞ്ഞു.
ഷിൻഡെ ,ബിജെപി വിഭാഗത്തിൽ പ്പെട്ട 12 കോർപ്പറേറ്റർമാരേയും വനിതാനേതാക്കളെയും ,മറ്റു പാർട്ടി ഭാരവാഹികളേയും ഒരുമിച്ചുകൊണ്ടുപോകാനുള്ള ശ്രമം ദീപേഷ് മാത്രേ നടത്തിയിരുന്നെങ്കിലും ആരും പാർട്ടിവിട്ടുപോകാൻ തയ്യാറായില്ല എന്നും ദീപേഷിൻ്റെ കൂറുമാറ്റം ഒരത്ഭുതവും ഇവിടെ സൃഷ്ട്ടിക്കാൻ പോകുന്നില്ല ഒരു ബിജെപി നേതാവ് ‘ സഹ്യന്യുസി ‘നോട് പറഞ്ഞു.