സുന്ദരമായ ബാറ്റിങ്, 29 റൺസുമെടുത്തു; പക്ഷേ ടീമിൽനിന്ന് പുറത്താകാതിരിക്കാൻ സഞ്ജു കൂടുതൽ റൺസ് നേടണം: ചോപ്ര
ന്യൂഡൽഹി∙ ബംഗ്ലദേശിനെതിരായ ഒന്നാം ട്വന്റി20യിൽ സുന്ദരമായി ബാറ്റു ചെയ്തെങ്കിലും, ടീമിൽനിന്ന് ഒഴിവാക്കുന്നത് തടയാൻ സഞ്ജു സാംസൺ കുറച്ചുകൂടി റൺസ് സ്കോർ ചെയ്യണമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഗ്വാളിയർ ട്വന്റി20യിൽ 29 റൺസെടുത്ത സഞ്ജു മികച്ച ബാറ്റിങ്ങാണ് കാഴ്ചവച്ചത്. എങ്കിൽക്കൂടി അദ്ദേഹത്തെ അടുത്ത മത്സരത്തിൽനിന്ന് ടീമിൽനിന്ന് മാറ്റിനിർത്തിയാൽ ആരെയും കുറ്റപ്പെടുത്താനാകില്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. വരും മത്സരങ്ങളിൽ സ്ഥിരതയോടെ കളിച്ചില്ലെങ്കിൽ ടീമിനു പുറത്തായേക്കാമെന്നും ചോപ്ര മുന്നറിയിപ്പു നൽകി.
‘‘സഞ്ജു മികച്ച താരമാണ്. ആദ്യ മത്സരത്തിൽ 29 റൺസും നേടി. ഇവിടം വരെ എത്തിയ സ്ഥിതിക്ക് കുറച്ചുകൂടി മുന്നോട്ടു പോകണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. സഞ്ജു കുറച്ചുകൂടി റൺസ് നേടേണ്ടതായിരുന്നുവെന്ന് ഞാൻ കരുതുന്നു. കാരണം, ഇപ്പോഴും സഞ്ജുവിനെ ടീമിൽനിന്ന് മാറ്റിനിർത്താവുന്ന സാഹചര്യമാണുള്ളത്. ഇപ്പോഴും സഞ്ജു ടീമിന് അകത്തും പുറത്തുമായി നിൽക്കുകയാണ്, ബാറ്റിങ് ഓർഡറിലാകട്ടെ മുകളിലോട്ടും താഴോട്ടും മാറിക്കൊണ്ടിരിക്കുന്നു’ – ആകാശ് ചോപ്ര പറഞ്ഞു.
ഗ്വാളിയർ ട്വന്റി20യിൽ സഞ്ജുവിന്റെ ഷോട്ടുകൾ അതിമനോഹരമായിരുന്നുവെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.
‘‘സഞ്ജുവിനെക്കുറിച്ച് കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞേ തീരൂ. റണ്ണൗട്ടാകുന്നതുവരെ വളരെ മികച്ച രീതിയിലാണ് അഭിഷേക് ശർമ കളിച്ചത്. സഞ്ജുവിന്റെ കാര്യത്തിലോ? സഞ്ജു സാംസൺ ഇന്ത്യയ്ക്കായി കളിച്ചില്ലെങ്കിൽ അത് ഇന്ത്യയുടെ നഷ്ടമാണെന്ന് വർഷങ്ങൾക്കു മുൻപു പറഞ്ഞയാളാണ് ഇപ്പോഴത്തെ പരിശീലകൻ ഗൗതം ഗംഭീർ. അതേ ഗംഭീറിനു കീഴിൽ ഇപ്പോൾ സഞ്ജു ഇന്ത്യൻ ടീമിന്റെ ഓപ്പണറാണ്. സഞ്ജുവിന്റെ പ്രതിഭയുടെ കയ്യൊപ്പ് ഗ്വാളിയറിലും നാം കണ്ടു. പന്തിനെ കഠിനമായി അടിച്ചകറ്റുന്ന ശൈലിയായിരുന്ന സഞ്ജുവിന്റേത്. പകരം പന്തിന് വേദനിക്കരുത് എന്നു തോന്നിപ്പിക്കുന്ന ഷോട്ടുകൾ. ഒന്നിനു പുറകേ ഒന്നായി ബൗണ്ടറികൾ.’ – ചോപ്ര പറഞ്ഞു.